മാനവികതയിലെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല ; തിരുവല്ല സ്വദേശി സുപ്രിയയെ അഭിനന്ദിച്ചു ബോളിവുഡ് താരം അനുഷ്‌ക ശർമ്മ

Advertisement

അന്ധനായ വൃദ്ധ വഴിയാത്രക്കാരനെ സഹായിക്കുന്ന ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ ആ വീഡിയോ രാജ്യമെങ്ങും ഏറ്റെടുക്കപ്പെടുകയാണ്. ബോളിവുഡ് നടി അനുഷ്ക ശർമയും ആ വീഡിയോ പങ്കു വെച്ചിരിക്കുകയാണിപ്പോൾ. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ആ വീഡിയോ പങ്കു വെച്ച് കൊണ്ട് അനുഷ്ക കുറിച്ചത് മാനവികതയിലെ വിശ്വാസം നഷ്ടപെട്ടിട്ടിള്ള എന്നാണ്. കാമറ കണ്ണുകൾ ചുറ്റുമില്ലാത്തപ്പോൾ സംഭവിച്ച മാനവികതയുടെ ഒരുദാഹരണമായും അനുഷ്ക ആ സംഭവത്തെ ചൂണ്ടി കാട്ടുന്നു. തിരുവല്ല സ്വദേശി സുപ്രിയയാണ് വഴിതെറ്റി നടുറോഡില്‍ നിന്ന വൃദ്ധന് കണ്ണും വഴികാട്ടിയുമായി മാറിയത്. കാഴ്ച പരിമിതിയുള്ള വൃദ്ധനെ സഹായിക്കാനായി കെ.എസ്.ആർ.ടി.സി ബസിനു പിറകെ സുപ്രിയ ഓടുന്ന വീഡിയോ വൈറലായതോടെ ഒട്ടേറെ പേരാണ് ഈ യുവതിയെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വരുന്നത്. തിരുവല്ലയിലാണ് ഈ സംഭവം കഴിഞ്ഞ ദിവസം നടന്നത്. കുരിശുകവലയിൽ റോഡിൽ സഹായിക്കാനാരുമില്ലാതെ, ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ നിസഹായനായി നിന്ന് ബുദ്ധിമുട്ടുകയായിരുന്ന കാഴ്ചയില്ലാത്ത വൃദ്ധന് മുന്നിൽ സഹായവുമായി എത്തുകയായിരുന്നു സുപ്രിയ.

മഞ്ഞാടിയിലേക്കായിരുന്നു വൃദ്ധന് പോകേണ്ടിയിരുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കിയ സുപ്രിയ, ഒരു കെ.എസ്.ആർ.ടി.സി ബസിന് കൈകാണിച്ച്, അല്പം മുന്നിലേക്ക് നീങ്ങി നിറുത്തിയ ബസിനു പിറകെ ഓടിച്ചെന്നു കണ്ടക്ടറോട് കാര്യം പറയുകയും, ശേഷം  തിരികെ ഓടുകയും, ഊന്നുവടിയുമായി നിന്ന വൃദ്ധനടുത്തെത്തി അദ്ദേഹത്തെ കൈപിടിച്ച് കൊണ്ട് വന്ന് സുരക്ഷിതമായി ബസിൽ കയറ്റിവിടുകയുമായിരുന്നു. ഈ സംഭവങ്ങളെല്ലാം സമീപത്തെ ആറ്റിൻകര ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ജോഷ്വ ആണ് ഫോണിൽ പകർത്തുകയും ഫേസ്ബുക് വഴി പങ്കു വെക്കുകയും ചെയ്തത്. തിരുവല്ലയിലെ ജോളി സിൽക്ക്സിൽ ജീവനക്കാരിയായ സുപ്രിയ ജോലി കഴിഞ്ഞു മടങ്ങുന്ന സമയത്താണ് ഈ സംഭവമുണ്ടായത്. വീഡിയോ വൈറൽ ആയതിനു ശേഷമാണു ഇങ്ങനെ ഒരു വീഡിയോ വന്നെന്നു പോലും സുപ്രിയ അറിയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close