![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/04/bollywood-actor-irrfan-khan-passed-away.jpg?fit=1024%2C592&ssl=1)
നീണ്ട മുപ്പത്തിരണ്ട് ജീവിതത്തെ കലാജീവിതത്തിനു തിരശീലയിട്ടു കൊണ്ട് പ്രശസ്ത നടൻ ഇർഫാൻ ഖാൻ ഇന്ന് കാലയവനികക്കുള്ളിൽ മറഞ്ഞു. അൻപത്തിനാലാം വയസ്സിൽ അർബുദ രോഗത്തിന് കീഴടങ്ങും മുൻപ് ഇർഫാൻ ഖാൻ എന്ന നടൻ നമ്മുക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ ഉജ്ജ്വല കഥാപാത്രങ്ങൾ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ എന്ന പേരെടുത്ത ഈ മഹാനടൻ ഹോളിവുഡിലും വിജയം വരിച്ച അപൂർവ ഇന്ത്യൻ നടന്മാരിലൊരാളാണ്. തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ പ്രതിഭ ആദ്യമായി അഭിനയിക്കുന്നത് 1988 ഇൽ റിലീസ് ചെയ്ത പ്രശസ്ത ചിത്രമായ സലാം ബോംബയിൽ ആണ്. ഇന്ത്യയിൽ നിന്ന് ഓസ്കാർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രമായിരുന്നു സലാം ബോംബെ. അതിനു ശേഷം ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തു ശ്രദ്ധ നേടിയ ഇർഫാൻ ഖാൻ രണ്ടായിരത്തോടു കൂടി തന്റേതായ ഒരു സ്ഥാനം ഇന്ത്യൻ സിനിമയിൽ നേടാനാരംഭിച്ചു. ഓസ്കാർ അവാർഡുകൾ നേടിയ സ്ലം ഡോഗ് മില്യണയറും ഹോളിവുഡ് ചിത്രങ്ങളായ അമേസിങ് സ്പൈഡർ മാൻ, ലൈഫ് ഓഫ് പൈ, ഇൻഫെർണോ, ജുറാസിക് വേൾഡ്, പസിൽ എന്നിവയെല്ലാം ഈ നടന് നേടിക്കൊടുത്തത് അന്താരാഷ്ട്ര പ്രശസ്തിയാണ്.
ഹാസിൽ, മക്ബൂൽ, ലൈഫ് ഇൻ എ മെട്രോ, പാൻ സിങ് ടോമർ. ലഞ്ച് ബോക്സ്, ഹൈദർ, ഗുണ്ടേ, പിക്കു, തൽവാർ, നെയിംസേക്, ദി വാരിയർ, ഡാർജിലിംഗ് ലിമിറ്റഡ്, ന്യൂ യോർക്ക്, ഐ ലവ് യു, ഹിന്ദി മീഡിയം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ കരിയറിലെ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ചിലതാണ്. പാൻ സിങ് തോമർ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും ലഭിച്ച ഇർഫാൻ ഖാൻ, ലഞ്ച് ബോക്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ബാഫ്ത അവാർഡിനും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. നായകനായും വില്ലനായും സഹനടനായും ഹാസ്യ നടനായുമെല്ലാം ഒട്ടേറെ അവാർഡുകൾ നേടിയെടുത്തിട്ടുള്ള അദ്ദേഹത്തെ ഭാരത സർക്കാർ പദ്മശ്രീ പുരസ്‍കാരവും നൽകി ആദരിച്ചിട്ടുണ്ട്. ഈ വർഷം റിലീസ് ചെയ്ത അംഗരേസി മീഡിയം ആയിരുന്നു അദ്ദേഹമഭിനയിച്ചു റിലീസ് ചെയ്ത അവസാന ചിത്രം.