ഇപ്പോൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെതിരെ പ്രതിഷേധിക്കുകയാണ് നമ്മുടെ നാട്ടിലെ ചില രാഷ്ട്രീയ പാർട്ടികൾ. താര സംഘടനയായ അമ്മയുടെ നിലപാടുകൾ വിവാദമായപ്പോൾ, അതിന്റെ പ്രസിഡന്റ് കൂടിയായ മോഹൻലാലിനെ ലക്‌ഷ്യം വെച്ചാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പിന് തുനിഞ്ഞിറങ്ങിയിരിക്കുന്നതു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അവർ മോഹൻലാലിൻറെ കോലം കത്തിക്കുകയും മോഹൻലാലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാൽ ഇതിലെ രസം എന്തെന്നാൽ മുദ്രാവാക്യം വിളിച്ചവർ പോലും ലാലേട്ടൻ എന്ന് വിളിച്ചാണ് മുദ്രാവാക്യം വിളിച്ചത്. ആ കാര്യം ചൂണ്ടി കാട്ടുകയാണ് പ്രശസ്ത സംവിധായകനായ ബോബൻ സാമുവൽ. അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ കാര്യം ചൂണ്ടി കാണിച്ചത്.
മഹാന്മാരായ പലരുടെയും കോലങ്ങൾ കത്തിച്ചു പ്രതിഷേധിക്കുന്നത് കണ്ടിട്ടുണ്ടെന്നും, പക്ഷെ അവരെ ആരെയും സാർ എന്നോ അച്ചായൻ എന്നോ പേരിനൊപ്പം വിളിച്ചു കേട്ടിട്ടില്ല എന്നും ബോബൻ സാമുവൽ പറയുന്നു. എന്നാൽ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഒരു രാഷ്ട്രീയ പാർട്ടി പേരിനൊപ്പം ഏട്ടൻ എന്ന് ചേർത്തു മുദ്രാവാക്യം വിളിക്കുന്നതെന്ന് ബോബൻ സാമുവൽ ചൂണ്ടി കാണിക്കുന്നു. അതുമതി ഒരു കലാകാരന്റെ വില മനസ്സിലാക്കാൻ എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മോഹൻലാലിന് പിന്തുണ അറിയിച്ചു കൊണ്ട് ആരാധകരുടെയും സിനിമാ പ്രേമികളുടെയും കൂട്ടായ്മ രൂപപ്പെടുകയാണ്.
മോഹൻലാലിന് ഈ കാര്യത്തിൽ പിന്തുണ അറിയിച്ചു മമ്മൂട്ടി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. ‘അമ്മ എന്ന സംഘടന മുന്നോട്ടു വെച്ച തീരുമാനം ആ സംഘടനയിലെ ഭൂരിഭാഗത്തിന്റെ തീരുമാനം ആണെന്നും അതിനെ മോഹൻലാലിന്റെ വ്യക്തിപരമായ നിലപാട് ആയി കണക്കാക്കി കൊണ്ട് അദ്ദേഹത്തെ അവഹേളിക്കുന്നതിനെതിരെ ശ്കതമായി പ്രതികരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. മോഹൻലാൽ ലെഫ്റ്റനന്റ് കേണൽ പദവി രാജി വെക്കണമെന്നൊക്കെയാണ് ചില രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. ഏതായാലും രാഷ്ട്രീയ പാർട്ടികൾ മോഹൻലാലിന് എതിരെ വരുമ്പോൾ ആരാധകരും സിനിമാ പ്രേമികളും പൊതുജനങ്ങളും മോഹൻലാലിന് ഒപ്പം നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.