വയലൻസിന്റെ അതിപ്രസരം; മാർക്കോയിലെ “ബ്ലഡ്” ഗാനം നീക്കം ചെയ്ത് യൂട്യൂബ്

Advertisement

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ് ചെയ്തത്. എന്നാൽ റിലീസ് ചെയ്ത് അധികം വൈകാതെ തന്നെ ഗാനം യൂട്യൂബ് നീക്കം ചെയ്തു. എക്സ്ട്രീം വയലൻസിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ ആണ് ഗാനം യൂട്യൂബ് നീക്കം ചെയ്തത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

യൂട്യൂബ് ഗൈഡ്‌ലൈനുകള്‍ പാലിച്ച് ഈ ഗാനം റീ അപ്‌ലോഡ് ചെയ്യുമെന്നും ഇത് തങ്ങൾ മനപ്പൂർവം ഉദ്ദേശിച്ച കാര്യം അല്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. രവി ബസ്രൂർ സംഗീതം പകർന്ന്, ഡബ്‌സീ പാടിയ ബ്ലഡ് എന്ന ഗാനമായിരുന്നു മാർക്കോയിലെ ആദ്യ ഗാനമായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. എന്നാൽ പുറത്തു വിട്ടതിനു ശേഷം ഗാനം തിരഞ്ഞ പലർക്കും അത് ലഭ്യമായിരുന്നില്ല.

Advertisement

ഡിസംബർ 20നാണ് മാർക്കോ ആഗോള റിലീസ് ആയി എത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന അവകാശവാദത്തോടെയാണ് മാർക്കോ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ. ടീസർ എന്നിവയെല്ലാം അതിലെ വയലൻസിന്റെ സാന്നിധ്യം കൊണ്ട് തന്നെ വമ്പൻ ശ്രദ്ധ നേടിയിരുന്നു.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്യുക. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും വേഷമിട്ട ചിത്രത്തിലെ ആക്ഷൻ ഒരുക്കിയത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close