ചേട്ടാ, ഇരുപതു വർഷം മുൻപാണ് ഇതുപോലെ ക്രിക്കറ്റ് കളിച്ചിട്ടുള്ളത്; പൃഥ്വിരാജ് പറഞ്ഞ ആ വാചകത്തെക്കുറിച്ചു തുറന്നു പറഞ്ഞു സംവിധായകൻ ബ്ലെസ്സി..!

Advertisement

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബ്ലെസ്സി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആട് ജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ തന്നെ പൃഥ്വിരാജ് തന്റെ ശരീര ഭാരം കുറച്ചിരുന്നു, അങ്ങനെ ഈ ചിത്രം ഷൂട്ട് ചെയ്യാൻ ഈ വർഷം മാർച്ചിൽ ജോർദാനിലേക്കു പോയ ബ്ലെസ്സിയും സംഘവും കൊറോണ വ്യാപനം മൂലമുണ്ടായ ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളോളം ജോർദാനിലെ മരുഭൂമിയിൽ കുടുങ്ങി. ചിത്രത്തിന്റെ കുറെയേറെ ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ സാധിച്ചു എങ്കിലും കൂടുതൽ ദിവസങ്ങളും ഷൂട്ടിംഗ് സംഘം അവിടെ കുടുങ്ങി കിടക്കുകയായിരുന്നു. ഇപ്പോഴിതാ ആ ദിവസങ്ങളെക്കുറിച്ചു വനിതാ മാഗസിനോട് മനസ്സ് തുറക്കുകയാണ് സംവിധായകൻ ബ്ലെസ്സി. അവിടെ കുടുങ്ങി പോയ ദിവസങ്ങൾ മാനസികമായും ശാരീരികമായും തനിക്കും അതുപോലെ ഷൂട്ടിംഗ് ടീമിലെ ഓരോ അംഗങ്ങൾക്കും വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് ബ്ലെസ്സി ഓർത്തെടുക്കുന്നു. പലപ്പോഴും എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന രീതിയിലേക്ക് ടീമംഗങ്ങളുടെ മനസ്സും സംസാരവും മാറിയപ്പോൾ അവരെ ആ അരക്ഷിതാവസ്ഥയിൽ നിന്ന് രക്ഷിക്കാൻ ബ്ലെസ്സി കണ്ടു പിടിച്ച മാർഗമായിരുന്നു ക്രിക്കറ്റ് കളി.

ക്രിക്കറ്റ് കളിക്കാം എന്ന ആശയം കേട്ടതോടെ എല്ലാവരും ഉഷാറായി എന്നും, അപ്പോൾ തന്നെ ചിലര്‍ പോയി തടി വെട്ടി ക്രിക്കറ്റ് ബാറ്റുണ്ടാക്കി എന്നും ബ്ലെസ്സി പറയുന്നു. പക്ഷേ, ഒരു ചെറിയ പന്തു കിട്ടാന്‍ മാര്‍ഗമില്ലായിരുന്നു എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. അവസാനം റബർ ചെരിപ്പിന്റെ ഫോം മുറിച്ചെടുത്താണ് പന്താക്കി മാറ്റിയതെന്നും ബ്ലെസ്സി പറഞ്ഞു. അന്ന് കളിക്കിടെ, ഒരു കൂറ്റന്‍ സിക്സര്‍ അടിച്ചതിന്‍റെ ആവേശത്തില്‍ അടുത്തു വന്ന് പൃഥ്വിരാജ് പറഞ്ഞത്, ചേട്ടാ, ഇരുപതു വര്‍ഷം മുന്‍പാണ് ഇതു പോലെ ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. എന്നാണെന്നും ബ്ലെസ്സി വെളിപ്പെടുത്തുന്നു. നാട്ടിൽ എത്തി ക്വറന്റീനിൽ ഇരിക്കുന്ന സമയത്താണ് മരുഭൂമിയിലെ ആട് ജീവിത ദിവസങ്ങളെക്കുറിച്ചു ഡയറി കുറിപ്പായി ബ്ലെസ്സി എഴുതിയത്. തന്റെ ടീമംഗങ്ങളുടെ പിരിമുറുക്കം ആ സമയത്തു കുറക്കാൻ സഹായിച്ചത് ക്രിക്കറ്റ് കളിയും ചീട്ടു കളിയും ലുഡോ കളിയുമൊക്കയാണ് എന്നും ബ്ലെസ്സി പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close