സംസ്ഥാന- ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കി കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് ബിരിയാണി. ദേശീയതലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ചിത്രത്തിന് പ്രദർശനാനുമതി നൽകുന്നില്ല എന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബു കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇതിനോടകം നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം തിയേറ്ററുകളിലേക്ക് റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ ആശിർവാദ് RP മാളിൽ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചു എന്ന ആരോപണമായി ചിത്രത്തിന്റെ സംവിധായകൻ തന്നെ രംഗത്തെത്തിയിരുന്നു. സജിൻ ബാബു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം പുറലോകമറിയുന്നത്. സജിൻ പങ്കുവച്ച ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: ദേശീയ, സംസ്ഥാന, അന്തർദേശിയ അംഗീകാരങ്ങൾ നേടിയ, രാജ്യത്തെ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത ഞങ്ങളുടെ ചിത്രം ബിരിയാണി കോഴിക്കോട് മോഹൻലാൽ സാറിൻ്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് RP മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്യുകയും, പോസ്റ്റർ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷം സിനിമ പ്രദർശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ്. കാരണം അന്വേഷിച്ചപ്പോൾ മാനേജർ പറയുന്നത് സദാചാര പ്രശ്നമാണ് (സെക്ഷ്വൽ സീനുകൾ കൂടുതലാണത്രെ).
ഇതുതന്നെയാണോ യഥാർത്ഥ കാരണം, അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. തിയറ്ററുകൾ A സെർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദര്ശിപ്പിക്കില്ല എങ്കിൽ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാരപോലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പർ സെൻസർ ബോർഡ് ആകാൻ തിയറ്ററുകൾക്ക് എന്താണ് അധികാരം ? ഇത് ഒരുതരത്തിൽ സാംസ്കാരിക ഫാസിസം തന്നെയാണ്. സംവിധായകന്റെ ഈ ഗുരുതര ആരോപണം നിമിഷനേരം കൊണ്ട് തന്നെ വലിയ വിവാദമായി മാറുകയാണ് ചെയ്തത്. ഈ വിഷയത്തിൽ മേൽ വളരെ പെട്ടെന്ന് തന്നെ നടപടി ഉണ്ടാവുകയും ചെയ്തു. പ്രശ്നം പരിഹരിക്കപ്പെട്ടതായി അറിയിച്ചുകൊണ്ട് സജിൻ ബാബു മറ്റൊരു കുറിപ്പ് കൂടി ഫേസ്ബുക്കിൽ പങ്കുവെക്കുകയുണ്ടായി. ആ കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ: സിനിമ കളിക്കില്ല എന്ന പ്രശ്നം കോഴിക്കോട് പരിഹരിക്കപ്പെട്ടു. RP മാളിലെ ആശിർവാദ് സിനിയുടെ മാനേജർ സണ്ണി സാർ എന്നെ നേരിട്ട് വിളിച്ച് ബിരിയാണി അവിടെ കളിക്കാമെന്ന് ഉറപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത ഷോ 4 മണിക്കാണ്. നാളെ രാവിലെ 11:15 നും, 4 നു മാണ് show time. കൂടെ നിന്ന എല്ലാവർക്കും നന്ദി. വളരെ പെട്ടെന്ന് തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞതോടെ വിവാദങ്ങൾ കെട്ടടങ്ങിയിരിക്കുകയാണ്.