മോനെ ഈ അങ്കിളാണ് അച്ഛന് സിനിമയിൽ ഏറ്റവും നല്ല വേഷങ്ങൾ തന്നത്; മകനെ ചേർത്ത് നിർത്തി ആ സംവിധായകനെ ചൂണ്ടി കാണിച്ചു കുതിരവട്ടം പപ്പു പറഞ്ഞ വാക്കുകൾ..!

Advertisement

ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധ നേടുന്ന ഒരു നടൻ ആണ് ബിനു പപ്പു. മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരിൽ ഒരാളായിരുന്ന, അന്തരിച്ചു പോയ, കുതിരവട്ടം പപ്പുവിന്റെ മകൻ ആണ് ബിനു. അടുത്തിടെ വന്ന ഓപ്പറേഷൻ ജാവ എന്ന ചിത്രമടക്കം ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ ബിനു തന്റെ കഴിവ് നമ്മുക്ക് കാണിച്ചു തന്നു കഴിഞ്ഞു. നടൻ എന്നതിനൊപ്പം മലയാളത്തിലെ പ്രശസ്ത സംവിധായകരുടെ സഹായി ആയി ജോലി ചെയ്തിട്ടുമുണ്ട് ബിനു. ഇപ്പോഴിതാ, ക്ലബ് ഹൌസ് എന്ന പുതിയ സോഷ്യൽ മീഡിയ മാധ്യമത്തിൽ നടന്ന ഒരു ചർച്ചയിൽ തന്റെ അച്ഛൻ ഒരിക്കൽ തന്നോട് പറഞ്ഞ കാര്യം ഓർത്തെടുക്കുകയാണ് ബിനു പപ്പു. പൂച്ചക്കൊരു മൂക്കുത്തി റീയൂണിയൻ എന്ന ആ ചർച്ചയിൽ സംവിധായകൻ പ്രിയദർശൻ, ജി സുരേഷ് കുമാർ, മണിയൻ പിള്ള രാജു, ജോജു ജോർജ്, ചെമ്പൻ വിനോദ്, കീർത്തി സുരേഷ്, മേനക, ശ്രീകാന്ത് മുരളി, മധുപാൽ തുടങ്ങി ഒട്ടേറെ പ്രശസ്ത സിനിമാ പ്രവർത്തകർ പങ്കെടുത്തിരുന്നു. അതിൽ ബിനു ചേർന്നപ്പോൾ ബിനുവിനെ ആദ്യമായി കണ്ട സംഭവം ഓർത്തെടുത്തത് പ്രിയദർശൻ ആണ്.

കോഴിക്കോട് മഹാറാണി ഹോട്ടലിൽ വെച്ചാണ് ഒരിക്കൽ പപ്പു തന്റെ മകനെ പ്രിയദർശന് പരിചയപ്പെടുത്തി കൊടുക്കുന്നത്. അന്ന് മകനെ ചേർത്ത് നിർത്തി, പ്രിയദര്ശനെ ചൂണ്ടി കാണിച്ചു കൊണ്ട് പപ്പു പറഞ്ഞ വാക്കുകൾ, മോനെ, ഈ അങ്കിളാണ് അച്ഛന് സിനിമയിൽ ഏറ്റവും നല്ല വേഷങ്ങൾ തന്നത് എന്നാണ്. അതിപ്പോഴും താൻ ഓർക്കുന്നു എന്നും പ്രിയദർശന് മറുപടിയായി ബിനു പറയുന്നു. മാത്രമല്ല മോഹൻലാൽ- പ്രിയദർശൻ ചിത്രങ്ങളൊക്കെ കണ്ടു വളർന്ന തന്റെ ഏറ്റവും പ്രീയപ്പെട്ട കലാകാരന്മാരും അവരൊക്കെ ആണെന്നും ബിനു വെളിപ്പെടുത്തി. പൂച്ചക്കൊരു മൂക്കുത്തി എന്ന പ്രിയദർശൻ ചിത്രത്തിൽ അച്ഛൻ ചെയ്ത വേഷം തനിക്കു ഏറെ പ്രീയപെട്ടതു ആണെന്നും ബിനു പറയുന്നു. പൂച്ചക്കൊരു മൂക്കുത്തി, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, മിന്നാരം, തേന്മാവിൻ കൊമ്പത്തു, ചന്ദ്രലേഖ, ഓടരുതമ്മാവാ ആളറിയാം, ആര്യൻ, വന്ദനം, അദ്വൈതം, മിഥുനം, ധിം തരികിട തോം എന്നീ പ്രിയദർശൻ ചിത്രങ്ങളിൽ പപ്പു ചെയ്‌ത വേഷങ്ങൾ എന്നും പ്രേക്ഷകർക്ക് ഏറെ പ്രീയപെട്ടവയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close