മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ് മെഗാ സ്റ്റാർ ചിരഞ്ജീവി. മോഹൻ രാജ സംവിധാനം ചെയ്യുന്ന ഈ തെലുങ്ക് റീമേക്കിന്റെ പേര് ഗോഡ് ഫാദർ എന്നാണ്. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് സൂചന. മോഹൻലാൽ ചെയ്ത സ്റ്റീഫൻ എന്ന നായക വേഷത്തിൽ മെഗാ സ്റ്റാർ ചിരഞജിവി എത്തുമ്പോൾ മഞ്ജു വാര്യർ ചെയ്ത പ്രിയദർശനി എന്ന നായികാ വേഷം ചെയ്യാൻ ഒരുങ്ങുന്നത് ലേഡി സൂപ്പർ സാർ നയൻതാര ആണ്. പൃഥ്വിരാജ് മലയാളത്തിൽ ചെയ്ത സയ്ദ് മസൂദ് എന്ന അതിഥി വേഷം ചെയ്യാൻ തെലുങ്കു റീമേക്കിന്റെ അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ ആണെന്നും, സൽമാൻ ഒഴിഞ്ഞപ്പോൾ ഇപ്പോൾ തമിഴിലെ സൂപ്പർ താരം ചിയാൻ വിക്രമിനെ ആണ് അവർ സമീപിച്ചിരിക്കുന്നത് എന്നുമാണ് വാർത്തകൾ പറയുന്നത്. ഇപ്പോഴിതാ മലയാളത്തിൽ വിവേക് ഒബ്‌റോയ് ചെയ്ത ബോബി എന്ന നെഗറ്റീവ് കഥാപാത്രം ചെയ്യുന്നത് ആരാണെന്നും തീരുമാനമായി കഴിഞ്ഞു.
മലയാളത്തിലെ പ്രശസ്ത താരം ബിജു മേനോൻ ആണ് തെലുങ്കിൽ ആ കഥാപാത്രം ചെയ്യുന്നത്. ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബിജു മേനോൻ അത് തുറന്നു പറയുകയും ചെയ്തു. ചിത്രത്തിന്റെ ഷെഡ്യൂളുകൾ തീരുമാനിച്ചു കഴിഞ്ഞാൽ ഡേറ്റ് നൽകും എന്നും ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം ഉറപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. ബിജു മേനോന്റെ മൂന്നാമത്തെ മാത്രം തെലുങ്കു ചിത്രമായിരിക്കും ഗോഡ് ഫാദർ. മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു ലൂസിഫർ. ഈ ചിത്രത്തിന്റെ അടുത്ത ഭാഗമായ എംപുരാൻ അടുത്ത വർഷം ആരംഭിക്കും. മൂന്നു ഭാഗങ്ങൾ ആണ് ലൂസിഫറിന് ഉള്ളത്.