ദളപതി വിജയ്‌യുടെ ബിഗിൽ സാമ്പത്തിക നഷ്ടമെന്ന് വാർത്ത; കിടിലൻ മറുപടിയുമായി നിർമ്മാതാവ്..!

Advertisement

ആറ്റ്ലിയുടെ സംവിധാനത്തിൽ ദളപതി വിജയ് അഭിനയിച്ച മൂന്നാമത്തെ ചിത്രമായ ബിഗിൽ കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. തമിഴ് സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ഈ ചിത്രം മുന്നൂറു കോടിയോളം രൂപയാണ് കളക്ഷൻ നേടിയത് എന്നാണ് വാർത്തകൾ വന്നത്. തെരി, മെർസൽ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ ആറ്റ്ലി- വിജയ് ടീം അതിനേക്കാൾ എല്ലാം വലിയ വിജയം ആണ് തങ്ങളുടെ മൂന്നാമത്തെ ചിത്രത്തിലൂടെ നൽകിയത്. എന്നാൽ ബിഗിൽ ഫ്ലോപ്പ് ആയിരുന്നു എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ദേശീയ മാധ്യമമായ റിപ്പബ്ലിക് ടി വി. അവരുടെ വാർത്തക്ക് കിടിലൻ മറുപടിയുമായി ബിഗിൽ നിർമ്മിച്ച അർച്ചന കലപതി കൂടി എത്തിയതോടെ ഇപ്പോൾ ബിഗിൽ കളക്ഷൻ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു.

ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രം സാമ്പത്തിക നഷ്ടമാണെന്നു വെളിപ്പെടുത്തിയത് എന്നും ചിത്രത്തിനുവേണ്ടി ഷൂട്ട് ചെയ്ത ഒരു ഫുട്ബോൾ സീൻ കാരണമാണ് ചിത്രത്തിന്റെ ബഡ്ജറ്റ് കയ്യിൽ ഒതുങ്ങാതെ പോയത് എന്നു അവർ പറഞ്ഞതായും റിപ്പബ്ലിക് ടി വി യുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ വാർത്ത വ്യാജം ആണെന്നും ബിഗിൽ വമ്പൻ വിജയമാണ് നേടിയത് എന്നും നിർമ്മാതാക്കളിലൊരാളായ അർച്ചന പറയുന്നു. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിജയ്‍യുടെയും ബിഗിൽ നിർമ്മാതാക്കളുടെയും ഓഫീസിലും വീട്ടിലും ഉണ്ടായ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌ന് ശേഷം ഇൻകം ടാക്സ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിൽ ബിഗിൽ ചിത്രത്തിന്റെ കളക്ഷൻ 300 കോടിയാണ് എന്ന് വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close