മലയാളത്തിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയാണ് ദി ബിഗ് ബോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ഈ റിയാലിറ്റി ഷോ ഓരോ സീസണിലും 100 എപ്പിസോഡുകൾ വീതമാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക. ഏഷ്യാനെറ്റിനൊപ്പം സ്റ്റാറിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഹോട്ട് സ്റ്റാറിലും ഈ റിയാലിറ്റി ഷോ ലഭ്യമാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ അവതാരകനായി എത്തുന്ന ഈ റിയാലിറ്റി ഷോയുടെ ആദ്യ സീസൺ വലിയ വിജയമാണ് നേടിയത്. രണ്ടാം സീസണും വിജയകരമായി മുന്നേറവെയാണ് കഴിഞ്ഞ വർഷം കോവിഡ് മൂലം ആ സീസൺ പൂർത്തിയാക്കാനാവാതെ നിർത്തേണ്ടി വന്നത്. ഇപ്പോഴിതാ ബിഗ് ബോസ് മൂന്നാം സീസണും കോവിഡ് പ്രതിസന്ധി മൂലം അവസാനിപ്പിക്കേണ്ട ഘട്ടത്തിലാണ് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബിഗ് ബോസ് മലയാളം ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ തമിഴ് പൊലീസ് ഉത്തരവ് നൽകിയിരുന്നു. അതിനെത്തുടർന്ന്, ചെന്നൈ ചെംബരവബക്കം ഇ.വി.പി സിറ്റിയിലുള്ള ബിഹ് ബോസ് മലയാളം ഷൂട്ടിംഗ് സ്റ്റുഡിയോയും തമിഴ്‌നാട് റവന്യു വകുപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തു.
ബിഗ് ബോസ് സെറ്റില്‍ എട്ട് പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തെന്ന സ്ഥിതീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്. സിനിമാ – സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന ലോക്ക് ഡൗണ്‍ നിര്‍ദേശം ബിഗ് ബോസ് ടീം ലംഘിച്ചെന്നുള്ള പരാതിയിലാണ് പോലീസ് നടപടി. 100 എപ്പിസോഡുകളില്‍ ഗ്രാന്റ് ഫിനാലേയിലേക്ക് എത്തുന്ന ബിഗ് ബോസ് 95 എപ്പിസോഡാണ് ഇതുവരെ ചിത്രീകരിച്ചത്. ഇത്രയും എത്തിയ സ്ഥിതിക്ക് പരിപാടി ഷൂട്ട് ചെയ്തു തീർക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. പക്ഷെ, നടന്‍ മണിക്കുട്ടന്‍, നോബി, എന്നിവരുള്‍പ്പെടെ ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ് പോലീസ്. ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമാവും ഷോയില്‍ അവതാരകന്‍ മോഹന്‍ലാലിന്റെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടാവുക. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി ഭാഷകളിൽ ഒക്കെ ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഓരോ സ്ഥലത്തെ സിനിമാ ഇന്ഡസ്ട്രിയിലെയും സൂപ്പർ താരങ്ങളാണ് അവിടെ അവതാരകർ ആയി എത്തുന്നത്. കമൽ ഹാസൻ, സൽമാൻ ഖാൻ തുടങ്ങിയവർ ഒക്കെ അതാതു ഭാഷയിലെ ബിഗ് ബോസ് അവതാരകർ ആണ്.