കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി പതിനാറിന് റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിരുന്നു. തന്റെ പതിവ് ശൈലിയിൽ നിന്ന് മാറി സിദ്ദിഖ് ഒരുക്കിയ ഈ ചിത്രത്തിൽ ആക്ഷന് ആണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കാൻ പോവുകയാണ്. വരുന്ന ഡിസംബർ 26 നു കൊച്ചിയിലെ ദർബാർ ഹാളിൽ വെച്ചാണ് ഇതിന്റെ ഓഡിയോ ലോഞ്ച് നടക്കുക. ഇതിന്റെ സംഗീത സംവിധായകൻ ദീപക് ദേവ് നയിക്കുന്ന ലൈവ് പ്രോഗ്രാമും അന്ന് അവിടെ ഉണ്ടാകും.
25 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ദിഖിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായ ബിഗ് ബ്രദർ റിലീസിന് മുൻപേ തന്നെ ഒട്ടേറെ റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ നോൺ – ജി സി സി ഡിസ്ട്രിബൂഷൻ റൈറ്റ്സ് സ്വന്തമാക്കിയ ഈ ചിത്രം ലൂസിഫറിന് ശേഷം ഏറ്റവും വലിയ ഡിജിറ്റൽ റൈറ്റ്സ് നേടുന്ന ചിത്രവുമായി. പതിനഞ്ചു കോടി രൂപയാണ് ലൂസിഫറിന്റെ ഡിജിറ്റൽ റൈറ്റ്സ് എങ്കിൽ ബിഗ് ബ്രദർ നേടിയത് പതിനൊന്നു കോടിക്ക് മുകളിൽ ആണെന്നാണ് സൂചന. സച്ചിദാനന്ദൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ടിനി ടോം, ഇർഷാദ്, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. പുതുമുഖമായ മിർണ്ണ മേനോൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.