ഭീഷ്മപർവം എന്ന ബ്ലോക്ക്ബസ്റ്റർ മമ്മൂട്ടി- അമൽ നീരദ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സഹതിരക്കഥാകൃത്ത് ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ദേവദത്ത് ഷാജി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. പ്രശസ്ത നടനും സംവിധായകനുമായ രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു.
സൂപ്പർ ഹിറ്റായി മാറിയ ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ഈ ചിത്രത്തിന്റെ സഹനിർമ്മാണം.
മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതമൊരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിൻ ജോർജ്ജ് വർഗീസ്. ദേവദത്ത് സംവിധാനം ചെയ്യുന്ന ധീരൻ കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒന്നായിരിക്കുമെന്നാണ് സൂചന. ദേവദത്ത് സഹരചയിതാവായി അരങ്ങേറ്റം കുറിച്ച ഭീഷ്മ പർവ്വം ഒരു മാസ്സ് ചിത്രമായിരുന്നു.