ഓണത്തിന് കുടുംബത്തോടെ വന്നോളൂ, ‘പാൽതു ജാൻവറി’ന് ക്ലീൻ യു സർട്ടിഫിക്കറ്റ്

Advertisement

ഇക്കൊല്ലത്തെ ഓണം പൊടിപൊടിക്കാൻ കുടുംബസമേതം ധൈര്യമായിട്ട് തിയേറ്ററുകളിലേക്ക് വന്നോളൂ എന്നാണ് ബേസിൽ ജോസഫ് പറയുന്നത്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ബേസിൽ ജോസഫ് നായകനാകുന്ന ‘പാല്‍തു ജാന്‍വര്‍’ എന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായെന്ന വിവരമാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചെന്നും, ചിത്രം സെപ്തംബർ രണ്ടിന് പ്രദർശനത്തിന് എത്തുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ബേസിൽ ജോസഫ് അറിയിച്ചു. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നിവയ്ക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവർ ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. കൂടാതെ, നാട്ടിൻപുറത്തെ നന്മകളും വിശേഷങ്ങളും ചേർത്തൊരുക്കിയ പാൽതു ജാൻവറിലെ ഗാനങ്ങളും ടൈറ്റിലിലെ കൗതുകവുമെല്ലാം ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.

ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമയിൽ മോളിക്കുട്ടി എന്ന പശുവും ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. നവാഗതനായ സംഗീത് പി രാജന്‍ ആണ് സംവിധായകൻ. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് കോമഡി ഡ്രാമ ചിത്രത്തിന്റെ കഥ ഒരുക്കിയിട്ടുള്ളത്. കിരണ്‍ ദാസ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഫ്രെയിമുകൾ ഒരുക്കിയിട്ടുള്ളത് രണദിവെ ആണ്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം. നേരത്തെ ഇറങ്ങിയ പാൽതു ജാൻവറിലെ പ്രോമോ സോങ്ങും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേസിൽ ജോസഫായിരുന്നു പ്രോമോ സോങ് സംവിധാനം ചെയ്തത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close