മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ഭീഷ്മ പർവ്വം മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടുന്ന സിനിമയെ പ്രകീർത്തിച്ച് കൊണ്ട് മലയാള സിനിമയിലെ ചിലർ മുന്നോട്ടു വന്നിരുന്നു. അവരിൽ ഒരാളാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ആയ ബേസിൽ ജോസെഫ്. മമ്മൂട്ടിയുടെ മികച്ച ആക്ഷൻ ചിത്രം കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നാണ് ബേസിൽ പറയുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ബേസിൽ തന്റെ പ്രതികരണം പോസ്റ്റ് ചെയ്തത്. ഭീഷ്മപർവ്വം പോലൊരു സിനിമ ഒരുക്കിയതിന് സംവിധായകൻ അമൽ നീരദിന് നന്ദി പറഞ്ഞ ബേസിൽ ഈ ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. 1980 കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്. അമൽ നീരദിന്റെ സംവിധാന മികവ് തന്നെയാണ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്ന് പറയാം.
മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഡ്രാമ വിഭാഗത്തിലുള്ള ഒരു ചിത്രം കൂടിയാണ് ഇത്. അമൽ നീരദ് നിർമ്മാണം നിർവഹിക്കുകയും കൂടി ചെയ്ത ഭീഷ്മ പർവ്വം, രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. ഈ ചിത്രത്തിന് സംഗീതം പകർന്നത് സുഷിന് ശ്യാമും കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും ആണ്. വിവേക് ഹർഷൻ ആണ് ഇതിന്റെ എഡിറ്റർ. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവർ കൂടി ഇതിന്റെ താരനിരയിൽ ഉണ്ട്.