കഴിഞ്ഞ മാസമാണ് മലയാള ചിത്രമായ മിന്നൽ മുരളി നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന ലേബലിൽ ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കിയ ഈ ചിത്രം വമ്പൻ വിജയമാണ് നേടിയത്. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ ഇന്ത്യൻ മുഴുവനും ഇന്ത്യക്കു പുറത്തും ഈ ചിത്രം നേടിയ സ്വീകരണം വളരെ വലുതാണ്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ഒറ്റിറ്റി റിലീസുകളുടെ ലിസ്റ്റിലും ഈ ചിത്രം ഇടം പിടിച്ചു. ഏതായാലും ഇതിനു രണ്ടാം ഭാഗം ഉണ്ടാകും എന്ന നിലയിൽ ആണ് ഈ ചിത്രം അവസാനിച്ചിരിക്കുന്നത്. ഇതിനു ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നത് നിർമ്മാതാവും സംവിധായകനും സ്ഥിതീകരിച്ചിട്ടുമുണ്ട്. ആ രണ്ടാം ഭാഗം ത്രീഡിയിൽ ആയിരിക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിൽ രണ്ടാം ഭാഗത്തെ കുറിച്ചു കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബേസിൽ ജോസെഫ്.
ആദ്യ ഭാഗം എഴുതി തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന ആശയ കുഴപ്പം രണ്ടാം ഭാഗത്തിന്റെ തുടക്കത്തിൽ ഇല്ല എന്നാണ് ബേസിൽ പറയുന്നത്. കാരണം, രണ്ടാം ഭാഗം എങ്ങനെ തുടങ്ങണം എന്ന കാര്യത്തിൽ ഒരു വ്യക്തത ഉണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. പക്ഷെ ഏറ്റവും വലിയ വെല്ലുവിളി പിന്നീട് എങ്ങനെ കഥ മുന്നോട്ടു കൊണ്ട് പോകണം എന്നതാണെന്നും ആ കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല എന്നും ബേസിൽ പറയുന്നു. ജെയ്സൺ എന്ന കഥാപാത്രം ഒരു സൂപ്പർ ഹീറോ ആയി പ്രേക്ഷകരുടെ മനസ്സിൽ കയറിയ സ്ഥിതിക്ക് ഇനി കൂടുതൽ വലിപ്പമുള്ള രീതിയിലാണ് രണ്ടാം ഭാഗം ഒരുക്കാൻ സാധിക്കു എന്നും, കുറുക്കൻമൂല എന്ന സ്ഥലത്തു നിന്ന് കഥ പറിച്ചു മറ്റൊരിടത്തേക്ക് നടേണ്ടി വരുമെന്നും ബേസിൽ പറഞ്ഞു. ഇനി എത്ര വലിയ കാര്യങ്ങളും എഴുതി പിടിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം രണ്ടാം ഭാഗം തരുന്നുണ്ട് എങ്കിലും, പ്രേക്ഷകരുടെ പ്രതീക്ഷകൾ വളരെ വലുതായിരിക്കും എന്നത് കൊണ്ട് തന്നെ അതിനു രൂപമെടുത്തുന്ന കഥ അത്ര ശ്കതമായിരിക്കണം എന്നത് കടുത്ത വെല്ലുവിളി തന്നെയാണെന്ന് ചിത്രത്തിന്റെ രചയിതാക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരും പറയുന്നു.