ഇന്ത്യൻ സിനിമയിലെ മഹാനടനായ മോഹൻലാൽ ഇന്ന് നാൽപ്പതു വർഷത്തിലധികം നീണ്ട തന്റെ സിനിമാ ജീവിതത്തിലെ ഒരു പുതിയ അധ്യായം കൂടിയാരംഭിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ബറോസ് എന്ന ചിത്രം ഇന്ന് നടക്കുന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. കഴിഞ്ഞ ഒന്നര വർഷമായി പ്രീ- പ്രൊഡക്ഷൻ സ്റ്റേജിലായിരുന്ന ബറോസ് ഒരു ഫാന്റസി ത്രീഡി ചിത്രമാണ്. മോഹൻലാൽ തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ, പടയോട്ടം തുടങ്ങി മലയാള സിനിമയുടേയും ഇന്ത്യൻ സിനിമയുടേയും ചരിത്രത്തിൽ ഇടം പിടിച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ജിജോ പുന്നൂസ് ആണ്. നവോദയ, ആശീർവാദ് സിനിമാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അമേരിക്ക, സ്പെയിൻ, പോർട്ടുഗൽ, ഘാന തുടങ്ങിയ രാജ്യങ്ങളിലെ അഭിനേതാക്കൾ ഭാഗമാകുന്ന ഈ ചിത്രത്തിലെ സാങ്കേതിക പ്രവർത്തകരിൽ കൂടുതൽ പേരും വിദേശികളാണ്. ഇപ്പോഴിതാ ഇന്ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസിനും മോഹൻലാലിനും ആശംസകളേകി മുന്നോട്ടു വരികയാണ് ഇന്ത്യൻ സിനിമ ലോകം.
ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനും മലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുമെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാലിന് ആശംസകൾ അറിയിച്ചു കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. കൊച്ചിയിൽ ഇന്ന് നടക്കുന്ന പൂജ ചടങ്ങിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും പങ്കെടുക്കും. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ലിഡിയൻ നാദസ്വരമാണ്. സന്തോഷ് രാമൻ കലാ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ നാനൂറു വർഷമായി വാസ്കോഡി ഗാമയുടെ നിധിക്കു കാവലിരിക്കുന്ന ഭൂതമായാണ് മോഹൻലാൽ അഭിനയിക്കുന്നത്. കൊച്ചി, ഗോവ, എന്നിവിടങ്ങളിലും വിദേശത്തും ഈ ചിത്രം ഷൂട്ട് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.