വാക്ക് തെറ്റിച്ചു പൃഥ്വിരാജ്- ലിസ്റ്റിൻ ടീം; തുടർന്നുള്ള ചിത്രങ്ങൾ വിലക്കിലേക്കു..!

Advertisement

ഈ വർഷം ജനുവരി മാസം മുതൽ ആണ് അന്യ ഭാഷാ സിനിമകൾക്ക് കേരളത്തിൽ വൈഡ് റിലീസ് പാടില്ല എന്ന നിയമം കേരളത്തിലെ സിനിമാ സംഘടനകൾ കൊണ്ട് വന്നത്. നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുടെ സംഘടനയും എല്ലാം ഒരുമിച്ചു എടുത്ത തീരുമാനം ആയിരുന്നു അത്. മലയാള സിനിമകളുടെ റിലീസുകളെ അന്യ ഭാഷാ റിലീസുകൾ ബാധിക്കുന്നതും അതുപോലെ വലിയ തുക മുടക്കി വിതരണാവകാശം എടുക്കുന്ന അന്യ ഭാഷാ റിലീസുകളിൽ ഭൂരിഭാഗവും വിതരണക്കാർക്ക് വലിയ നഷ്ടം വരുത്തി വെക്കാൻ തുടങ്ങിയതുമായിരുന്നു പ്രധാന കാരണങ്ങൾ. നേരത്തെ അനുമതി വാങ്ങുന്ന മലയാള സിനിമകൾക്ക് മാത്രമേ വൈഡ് റിലീസ് നല്കിയിരുന്നുള്ളു. അത് പ്രകാരം രജനികാന്ത് ചിത്രമായ പേട്ട, അജിത് ചിത്രമായ വിശ്വാസം, സൂര്യ- മോഹൻലാൽ ചിത്രമായ കാപ്പാൻ എന്നിവ വൈഡ് റിലീസ് ചെയ്തിരുന്നില്ല.

എന്നാൽ വിജയ് ചിത്രമായ ബിഗിൽ കേരളത്തിൽ വിതരണം ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവ ഈ വിലക്ക് മറികടന്നു ചിത്രം വൈഡ് റിലീസ് ചെയ്യുകയാണ് ഉണ്ടായത്. തിയേറ്റർ ലിസ്റ്റിൽ ഇരുന്നൂറിൽ താഴെ സ്ക്രീനുകൾ മാത്രം കൊടുത്തിട്ടു മൂന്നൂറിൽ പരം സ്‌ക്രീനുകളിൽ ആണ് അവർ ബിഗിൽ റിലീസ് ചെയ്തത്. ഇത് കണ്ടെത്തിയതോടെ നിയമം തെറ്റിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ- വിതരണ കമ്പനിയായ മാജിക് ഫ്രെയിംസിനെ വിലക്കാൻ ഉള്ള തീരുമാനത്തിലാണ് തിയ്യേറ്റര്‍ ഉടമകളുടെ സംഘടന. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ – വിതരണ കമ്പനിയെ വിലക്കിയത്.

Advertisement

ആശിര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍ ആണ് സംഘടനയുടെ പ്രസിഡന്റ്. സംഘടനയുടെ ജനറല്‍ സെക്രട്ടറി എംസി ബോബി ഒപ്പിട്ട സര്‍ക്കുലറാണ് സംഘടനയ്ക്ക് കീഴിലുള്ള കേരളത്തിലെ എല്ലാ പ്രധാന തിയറ്ററുകള്‍ക്കും അയച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് വിതരണം ചെയ്യുന്ന പൃഥ്വിരാജ് ചിത്രങ്ങൾ ആയ ഡ്രൈവിംഗ് ലൈസൻസ്, കടുവ എന്നിവയെ ഈ വിലക്ക് ബാധിക്കും എന്നാണ് സൂചന. പൃഥ്വിരാജ് കൂടി പ്രൊഡക്ഷൻ പങ്കാളി ആയി ഉണ്ടെങ്കിലും ചിത്രം വിതരണം ചെയ്യുന്നത് മാജിക് ഫ്രെയിംസ് ആയതു കൊണ്ട് തീയേറ്ററുകളിൽ നിന്ന് വിലക്ക് നേരിടേണ്ടി വരും.

ഫോട്ടോ കടപ്പാട്: Ajmal Photography

Advertisement

Copyright © 2017 onlookersmedia.

Press ESC to close