മലയാള സിനിമയിലെ ഓൾ റൗണ്ടർമാരിലൊരാളാണ് ബാലചന്ദ്ര മേനോൻ. നടനായും സംവിധായകനായും രചയിതാവായുമെല്ലാം മലയാള സിനിമയിൽ ഒരുകാലത്തു സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച് കൊണ്ട് നിറഞ്ഞു നിന്ന താരമാണ് ബാലചന്ദ്ര മേനോൻ. ഒട്ടേറെ ഗംഭീര ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിത്യ ഹരിത നായകൻ പ്രേം നസീർ മുതൽ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും വരെ അഭനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഒരു ചിത്രത്തിൽ ഉലക നായകൻ കമൽ ഹാസനെ ആദ്യം നായകനായി ചിത്രത്തിന്റെ നിർമ്മാതാവ് തീരുമാനിച്ച ശേഷം പിന്നീട് അദ്ദേഹത്തെ മാറ്റി താൻ മണിയൻ പിള്ള രാജുവിനെ നായകനാക്കിയ സംഭവം ഓർത്തെടുക്കുകയാണ്. സുധീർ കുമാർ എന്നാണ് മണിയൻ പിള്ള രാജുവിന്റെ ശരിക്കുമുള്ള പേര്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണു അദ്ദേഹത്തിന്റെ പേര് മണിയൻ പിള്ള രാജുവായി മാറിയത്.
ചിത്രത്തിന്റെ നിർമ്മാതാവ് കമൽ ഹാസന്റെ ഡേറ്റ് വരെ വാങ്ങിയിരുന്നു. ഈ സംഭവം ബാലചന്ദ്ര മേനോൻ തന്നെയാണ് അദ്ദേഹത്തിന്റെ ഫിലിമി ഫ്രെെഡേയ്സ് എന്ന യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞത്. സുധീർ കുമാറിനോടുള്ള തന്റെ സൗഹൃദമാണ് അതിനു കാരണമെന്നും തന്റെ സൗഹൃദത്തിൽ താനൊരിക്കലും വലിപ്പ ചെറുപ്പം നോക്കാറില്ലായെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയെ മാറ്റി വേണു നാഗവള്ളിയെ താൻ നായകനാക്കിയിട്ടുണ്ട് എന്നും താര മൂല്യത്തേക്കാളും കൂടുതൽ താൻ എന്നും സൗഹൃദത്തിന് പ്രാധാന്യം നൽകുന്ന ആളാണെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ട് ചെന്നെെയിൽ താമസിക്കുന്ന സമയത്തു ഒരിക്കൽ തന്നോടൊപ്പം മുറി പങ്കിട്ട ജർമൻ എന്ന സുഹൃത്തിന്റെ ഓർമ്മകൾ പങ്കു വെക്കവെയാണ് ബാലചന്ദ്ര മേനോൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.