മലയാളികളുടെ പ്രിയ യുവതാരം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ഈസ്റ്റർ ചിത്രം, വികടകുമാരൻ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ആദ്യ ദിവസം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണയിൽ രണ്ടാം വാരവും മുന്നേറുകയാണ്. മാമലയൂർ എന്ന ഗ്രാമവും അവിടത്തെ കോടതിയുമെല്ലാം ആസ്പദമാക്കി കഥപറയുന്ന ചിത്രത്തിൽ, അഡ്വക്കേറ്റ് ബിനു എന്ന യുവ അഭിഭാഷകനായി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നു. സുന്ദരേശൻ എന്ന വക്കീലായി നടൻ ബൈജുവും ചിത്രത്തിലുണ്ട്. ചിത്രത്തിൽ വന്ന രംഗങ്ങളിൽ എല്ലാം വളരെ മികച്ച പ്രകടനത്തിലൂടെ ബൈജു കയ്യടി വാരിക്കൂട്ടുന്നുണ്ട്. കെ. ഡി എന്ന് വിളിപ്പേരുള്ള വക്കീൽ, കോടതിക്ക് വെളിയിൽ വച്ച് തന്നെ എല്ലാം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നയാൾ എല്ലാത്തരത്തിലും രസികനാണ് സുന്ദരേശൻ എന്ന കഥാപാത്രം. പുത്തൻ പണം എന്ന ചിത്രത്തിലെ ന്യൂട്രൽ കുഞ്ഞപ്പൻ എന്ന കഥാപാത്രത്തിന് ശേഷം ബൈജു അവതരിപ്പിക്കുന്ന മികച്ച കഥാപാത്രം എന്ന് തന്നെ വിശേഷിപ്പിക്കാം സുന്ദരേശനെ.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ബൈജു സിനിമയിലേക്ക് കാൽവെപ്പ് നടത്തിയത്. പിന്നീട് തന്റെ മികച്ച അഭിനയത്താൽ മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തു. പിന്നീട് നായകനായും ബൈജു മലയാളികൾക്ക് മുൻപിലെത്തി അസാമാന്യമായി കോമഡി കൈകാരയം ചെയ്യാൻ കഴിവുള്ള ബൈജു ഈ അടുത്ത് അഭിനയിച്ച പുത്തൻ പണത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു ശേഷമാണ് ശക്തമായി വികടകുമാരനിലൂടെ തിരിച്ചു വരവ് നടത്തിയത്. കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ ധർമ്മജൻ കോമ്പിനേഷൻ വീണ്ടും ഒന്നിച്ച ചിത്രം ആ കൂട്ടുകെട്ടിന്റെ വിജയം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. ബോബൻ സാമുവൽ സംവിധാനം നിർവ്വഹിച്ച അഞ്ചാമത് ചിത്രമാണ് വികടകുമാരന്‍. വൈ. വി. രാജേഷ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ചാന്ദ് വി ക്രിയേഷൻസാണ്. കുടുംബങ്ങളേറ്റെടുത്ത ചിത്രം പൊട്ടിച്ചിരിപ്പിച്ചു മുന്നേറുന്നു.