മലയാള സിനിമയിൽ ഇപ്പോൾ തുടരെ തുടരെ ബ്ലോക്കബ്സ്റ്ററുകൾ സമ്മാനിക്കുന്ന യുവനടനാണ് പൃഥ്വിരാജ്. ഒരുകാലത്ത് മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുവാൻ പരീക്ഷണ ചിത്രങ്ങളുടെ പിന്നാലെ പോയ പൃഥ്വിരാജിന് ഒരുപാട് വിമർശനങ്ങളും പരാജയങ്ങളും നേരിടേണ്ടി വന്നു. ഇപ്പോൾ പൃഥ്വിരാജ് എന്ന താരം ടോപ്പ് ഗിയറിലാണ്. 2 ബ്ലോക്കബ്സ്റ്റർ സിനിമകളിൽ താരം ഭാഗമായിരിക്കുകയാണ്. സച്ചിയുടെ തിരക്കഥയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് വലിയ വിജയമാണ് കേരള ബോക്സ് ഓഫീസിൽ കരസ്ഥമാക്കിയത്. സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ ചിത്രം നായകന്റെയും ആരാധകന്റെയും പ്രതികാരത്തിന്റെയും ആത്മബന്ധത്തിന്റെയും കഥയാണ് ചർച്ച ചെയ്തിരുന്നത്. ചിത്രത്തിന്റെ ടോട്ടൽ ബിസിനസ്സ് ഏകദേശം 44 കോടിയോളം രൂപയാണ്.
പൃഥ്വിരാജിന് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച സച്ചിയുടെ രണ്ടാമത്തെ സംവിധാന സംരഭത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ഒരുപാട് നിരൂപ പ്രശംസകളും ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രം ഇപ്പോളും തീയറ്ററുകളിൽ നിന്ന് പോയിട്ടില്ല. ബിജു മേനോൻ, പൃഥ്വിരാജ് കേന്ദ്ര കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ട ചിത്രം ഒരു പോലീസ്ക്കാരന്റെയും റിട്ടയേർഡ് കേണലിന്റെയും പ്രതികാരത്തെ മുൻനിർത്തിയാണ് അണിയിച്ചൊരുക്കിയിരുന്നത്. അയ്യപ്പനും കോശിയും ടോട്ടൽ ബിസിനസ്സ് 53 കോടി രൂപയാണ് നേടിയത്. കേരള ബോക്സ് ഓഫീസിൽ 23 കോടി രൂപയും ജി.സി.സി – യു.എ.ഇ എന്നിവടങ്ങളിൽ നിന്ന് മാത്രമായി 14 കോടിയും സ്വന്തമാക്കി. രണ്ട് ബ്ലോക്കബ്സ്റ്ററുകൾ സ്വന്തമാക്കിയ ശേഷം പൃഥ്വിരാജിന്റെ സ്റ്റാർഡം കുത്തനെ ഉയർന്നിരിക്കുകയാണ്. മാർക്കറ്റ് വാല്യുവും പ്രതിഫലം തുകയും ഇതിനോടകം കേറിയിട്ടുണ്ടാവും. ഒരുപാട് വലിയ പ്രോജക്റ്റുകളുള്ള താരത്തിന്റെ സുവർണ്ണ കാലമാണ് ഇനി വരാൻ പോകുന്നത്.