
സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ ബി ഉണ്ണികൃഷ്ണൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രചയിതാവായ ദേവദത് ഷാജി തിരക്കഥ രചിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ ഇനി സംവിധാനം ചെയ്യുന്നത്. ഒരു സൂപ്പർ താരമായിരിക്കും ഇതിലെ നായകനെന്ന രീതിയിലുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവരുടെ പേരുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ, ചിത്രത്തിന്റെ താരനിർണയം ആയിട്ടില്ലെന്നും, എഴുത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളും അതിന്റെ ചർച്ചകളും നടക്കുന്നതേ ഉള്ളു എന്നും, സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും രചയിതാവ് ദേവദത് ഷാജി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ക്രിസ്റ്റഫർ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ബി ഉണ്ണികൃഷ്ണൻ ഏറ്റവും അവസാനം സംവിധാനം ചെയ്ത ചിത്രം. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ക്രിസ്റ്റഫർ രചിച്ചത് ഉദയ കൃഷ്ണയാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് എന്നിവരെ വെച്ചെല്ലാം ചിത്രങ്ങളൊരുക്കിയ ബി ഉണ്ണികൃഷ്ണന്റെ ഏറ്റവും വലിയ ഹിറ്റുകൾ മോഹൻലാൽ നായകനായ മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ എന്നിവയാണ്. മോഹൻലാൽ നായകനായ വില്ലൻ എന്ന ചിത്രവും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരു സൂപ്പർ ഹിറ്റ് രചയിതാവ് കൂടിയായ ബി ഉണ്ണികൃഷ്ണനാണ് ഷാജി കൈലാസ്- സുരേഷ് ഗോപി ടീമിന്റെ വമ്പൻ ഹിറ്റായ ടൈഗർ രചിച്ചത്.