ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ നായകനായി സൗബിൻ ഷാഹിർ; ചിത്രം വൈകാതെ സംഭവിക്കാൻ സാധ്യത എന്ന് സംവിധായകൻ

Advertisement

മലയാള സിനിമാ പ്രേമികൾക്ക് മുൻപിൽ രചയിതാവായും സംവിധായകൻ ആയും ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രതിഭയാണ് ബി ഉണ്ണികൃഷ്ണൻ. അതിനോടൊപ്പം ഫെഫ്കയുടെ നേതൃ നിരയിലും ഉള്ള അദ്ദേഹം നിർമ്മാതാവ്, വിതരണക്കാരൻ എന്ന നിലയിലും മലയാള സിനിമയ്ക്കു നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. ഇപ്പോൾ ശ്രീ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്ന് നിർമ്മിക്കുന്ന സ്റ്റാൻഡ് അപ് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സംസ്ഥാന അവാർഡ് ജേതാവായ സംവിധായിക വിധു വിൻസെന്റ് ആണ് സ്റ്റാൻഡ് അപ് ഒരുക്കുന്നത്. ജലമർമ്മരം എന്ന സിനിമ രചിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ ബി ഉണ്ണികൃഷ്ണൻ പിന്നീട് സൂപ്പർ ഹിറ്റ് ഷാജി കൈലാസ്- സുരേഷ് ഗോപി ചിത്രമായ ദി ടൈഗറിലൂടെ രചയിതാവ് എന്ന നിലയിൽ ഏറെ പോപ്പുലർ ആയി.

പിന്നീട് സംവിധായകൻ എന്ന നിലയിൽ മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളും അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. ശ്രീ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ഇപ്പോൾ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ മറ്റൊരു ചിത്രത്തെ കുറിച്ചുള്ള സൂചനകൾ ആണ് ബി ഉണ്ണികൃഷ്ണൻ നൽകിയത്. സൗബിൻ ഷാഹിർ നായകനാവുന്ന ഒരു പൊളിറ്റിക്കൽ ചിത്രമാണ് താൻ പ്ലാൻ ചെയ്യുന്നത് എന്നും, അത് അധികം വൈകാതെ തന്നെ നടക്കാൻ സാധ്യത ഉണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. തന്റെ ഉള്ളിലെ രാഷ്ട്രീയം പറയുന്ന ഒരു സിനിമ ആയിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

കൊമേർഷ്യൽ സിനിമ കലാമൂല്യമുള്ള സിനിമ എന്ന വേർതിരിവ് വെച്ച് സിനിമയെ അത്തരമൊരു ചട്ടക്കൂടിനുള്ളിൽ ഒതുക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും തനിക്കു പറയാൻ ഉള്ളത് തനിക്കു ഇഷ്ട്ടമുള്ള രീതിയിൽ താൻ പറയുകയാണ് ചെയ്യുന്നത് എന്നും ബി ഉണ്ണികൃഷ്ണൻ വിശദീകരിക്കുന്നു. ആർ ഡി ഇല്ല്യൂമിനേഷൻ എന്ന ബാനറിൽ ആണ് അദ്ദേഹം നിർമ്മാണവും വിതരണവും നടത്തുന്നത്. കവർ സ്റ്റോറി, ശിവം എന്നീ ചിത്രങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ ആണ് സ്മാർട്ട് സിറ്റി, പ്രമാണി, ത്രില്ലർ, ഐ ജി, ഐ ലവ് മി, മിസ്റ്റർ ഫ്രോഡ് എന്നിവ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close