സച്ചി സർ ഞങ്ങൾക്ക് ദൈവം മാതിരി; ഇടറിയ വാക്കുകളുമായി സച്ചിയെ അവസാനമായി ഒരു നോക്കു കാണാൻ നഞ്ചിയമ്മയെത്തി..!

Advertisement

അകാലത്തിൽ അന്തരിച്ച മലയാളത്തിന്റെ പ്രിയ രചയിതാവും സംവിധായകനുമായ സച്ചിയെ അവസാനമായി ഒരു നോക്കു കാണാൻ നഞ്ചിയമ്മയും എത്തി. സച്ചി അവസാനമായി സംവിധാനം ചെയ്ത പൃഥ്വിരാജ്- ബിജു മേനോൻ ചിത്രമായ അയ്യപ്പനും കോശിയുമിൽ നഞ്ചിയമ്മ എന്ന ആദിവാസി വനിത അഭിനയിച്ചിരുന്നു എന്നു മാത്രമല്ല ആ അമ്മ പാടിയ ഗാനവും ചിത്രത്തിൽ ഉണ്ടായിരുന്നു. സൂപ്പർ ഹിറ്റായി മാറിയ ആ ഗാനം നഞ്ചിയമ്മയെ കൊണ്ട് തന്നെ പാടിക്കുന്നതിലും ഈ ചിത്രത്തിൽ നഞ്ചിയമ്മ അഭിനയിക്കുന്നതിനും ഏറ്റവും വലിയ കാരണമായി മാറിയതും സച്ചിയാണ്. സച്ചിയെ അവസാനമായി കാണാനെത്തിയ നഞ്ചിയമ്മ ഇടറിയ വാക്കുകളോടെയാണ് സംസാരിച്ചത്. സച്ചി സർ തങ്ങൾക്ക് ദൈവ തുല്യനായിരുന്നു എന്നാണ് നഞ്ചിയമ്മ പറയുന്നത്.

ആടുമാടുകളെ മേച്ചു നടന്ന തങ്ങളെയൊക്കെ ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടു വന്നത് സച്ചി സർ ആണെന്നും ഇതുപോലെ നന്മയുള്ള മനുഷ്യരെയൊന്നും ഇനി കിട്ടില്ല എന്നും നഞ്ചിയമ്മ പറയുന്നു. മരണ വിവരം അറിഞ്ഞപ്പോൾ, ഇന്നലെ രാത്രി തന്നെ സച്ചിയെ കാണാൻ വരാൻ ആഗ്രഹിച്ചെങ്കിലും വാഹന സൗകര്യം ഇല്ലാത്തത് കൊണ്ടാണ് യാത്ര ഇന്ന് വെളുപ്പിന് ആക്കിയതെന്നും ആ അമ്മ പറയുന്നു. അട്ടപ്പാടി അദ്ദേഹത്തിന് ഏറെയിഷ്ടപെട്ട സ്ഥലമായിരുന്നു എന്നും ഒരിക്കൽ കുടുംബവുമായി നഞ്ചിയമ്മയെ കാണാൻ അട്ടപ്പാടിയിൽ വരുമെന്നു സച്ചി പറഞ്ഞിരുന്നു എന്നും നഞ്ചിയമ്മ വെളിപ്പെടുത്തി. സച്ചി സാറിനെ അമ്പലത്തിൽ വെച്ചു പൂജിക്കുന്ന ഒരു ദൈവത്തെപോലെയാണ് തങ്ങൾ കണ്ടിരുന്നത് എന്നും സാറിനു തന്റെ പാട്ട് ഏറെയിഷ്ടമായിരുന്നു എന്നും നഞ്ചിയമ്മ പറയുന്നു. അടുത്തുണ്ടായിരുന്നെങ്കിൽ താൻ അദ്ദേഹത്തിന് പാട്ട് പാടി കൊടുത്തേനെ എന്നു പറഞ്ഞു വിങ്ങി പൊട്ടിയ നഞ്ചിയമ്മ അയ്യപ്പനും കോശിയുമിലെ ഒരു ഗാനവും ഇടറുന്ന ശബ്ദത്തോടെ സച്ചിക്ക് വേണ്ടി ആലപിച്ചു. മീഡിയ വണ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നഞ്ചിയമ്മ തന്റെ വേദന പങ്കു വെച്ചത്.

Advertisement

വീഡിയോ കടപ്പാട്: മീഡിയ വൺ

Advertisement

Copyright © 2017 onlookersmedia.

Press ESC to close