സിനിമാ നിരൂപണത്തെ കുറിച്ചും നിരൂപകരെ കുറിച്ചുമുള്ള പല സിനിമ പ്രവർത്തകരുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. ഇന്നത്തെ കാലത്ത് സിനിമാ വിമർശനം നടത്തുന്ന പലരുടെയും യോഗ്യത എന്തെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് ചോദിക്കുമ്പോൾ, സിനിമയെ കുറിച്ച് സാങ്കേതികമായി പഠിച്ചിട്ട് വേണം അതിനെ ആധികാരികമായി വിമർശിക്കാൻ എന്നാണ് സംവിധായിക അഞ്ജലി മേനോൻ പറയുന്നത്. അഞ്ജലി മേനോൻ നടത്തിയ പരാമർശത്തിന് മറുപടിയുമായി എത്തിയ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറയുന്നത് സംവിധാനം ചെയ്യാൻ പോലും സിനിമ കോഴ്സ് പോലെ പഠിക്കാത്ത താൻ ഇനി അഭിപ്രായം പറയാൻ സിനിമ പഠിക്കണം എന്ന് പറഞ്ഞാൽ നടക്കുമോ എന്നാണ്. ക്യാഷ് കൊടുത്ത് സിനിമ കാണുന്നവന് അതിനെ വിമർശിക്കാനും അവകാശമുണ്ടെന്ന് ജൂഡ് ആന്റണി ജോസഫിനെ കൂടാതെ വിനീത് ശ്രീനിവാസനും പറയുന്നുണ്ട്. അത്തരത്തിലുള്ള വിമർശനങ്ങൾ തന്നെ സഹായിക്കാറുണ്ടെന്നും വിനീത് കൂട്ടിച്ചേർത്തിരുന്നു.
ഇപ്പോഴിതാ കുറെ നാളുകൾക്ക് മുൻപ് മമ്മൂട്ടി പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ഈ സമയത്ത് വൈറലാവുകയാണ്. പ്രേക്ഷകർ സിനിമാ പ്രവർത്തകരേക്കാൾ കൂടുതൽ സിനിമ കാണുന്നവരും അതിനെ കുറിച്ച് അറിവുള്ളവരും ആണെന്നും, അവരെ കുറച്ചു കാണരുത് എന്നുമാണ് മമ്മൂട്ടി പറയുന്നത്. സിനിമയുടെ പല ഘടകങ്ങളെ കുറിച്ചും ആധികാരികമായി അഭിപ്രായം പറയാനുള്ള അറിവ് പല പ്രേക്ഷകർക്കും ഉണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർക്കുന്നു. റോഷൻ ആൻഡ്രൂസ്, അഞ്ജലി മേനോൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ അഭിപ്രായങ്ങൾക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത് മമ്മൂട്ടിയുടെ ഈ വാക്കുകളും, ഒപ്പം വിനീത് ശ്രീനിവാസൻ, ജൂഡ് ആന്റണി ജോസഫ് എന്നിവരുടെ പ്രതികരണങ്ങളുമാണ്.