കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത് സിനിമാ നിരൂപണത്തേയും നിരൂപകരേയും കുറിച്ച് പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ നടത്തിയ പരാമർശവും അതിനെ മറുപടിയായി സംവിധായകനായ ജൂഡ് ആന്റണി ജോസഫ് നടത്തിയ പരാമർശവുമാണ്. ഈ വിഷയത്തിൽ സോഷ്യൽ മീഡിയ പിന്തുണച്ചത് ജൂഡ് ആന്റണി ജോസഫിന്റെ പരാമർശമായിരുന്നു. സിനിമയെ വിമർശിക്കുന്നതിനോ, നിരൂപണം ചെയ്യുന്നതിനോ മുൻപ് അതേ കുറിച്ച് പഠിക്കുന്നത് നന്നായിരിക്കുമെന്നും, എഡിറ്റിംഗ് പോലെയുള്ള സാങ്കേതികമായ കാര്യങ്ങളെ കുറിച്ചൊന്നും ധാരണയില്ലാത്ത ആളുകൾ അതേ കുറിച്ചൊക്കെ പറയുന്നത് ശരിയായ സമീപനമല്ലെന്നുമാണ് അഞ്ജലി മേനോൻ സൂചിപ്പിച്ചത്. എന്നാൽ, അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാളാണ് താനെന്നും സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്യാത്ത താൻ പിന്നെയല്ലേ അഭിപ്രായം പറയാൻ വേണ്ടി മാത്രം സിനിമ പഠിക്കുന്നത് എന്നുമാണ് ജൂഡ് ആന്റണി കുറിച്ചത്.
ഇപ്പോൾ ഈ വിഷയത്തിലെ വിനീത് ശ്രീനിവാസന്റെ പ്രതികരണവും ശ്രദ്ധ നേടുകയാണ്. പൈസ മുടക്കി സിനിമ കാണുന്ന പ്രേക്ഷകന് വിമർശിക്കാനുള്ള അവകാശമുണ്ട് എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്. മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് വിനീത് ശ്രീനിവാസൻ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. വിമർശനങ്ങൾ കേൾക്കുമ്പോൾ ആദ്യമൊക്കെ വിഷമം തോന്നുമെങ്കിലും, തനിക്ക് ആരോഗ്യപരമായ വിമർശനങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാൻ സാധിച്ചിട്ടുണ്ട് എന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും, ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാട് ഇതിലുണ്ടാകുമെന്നും വിനീത് എടുത്തു പറയുന്നുമുണ്ട്. എങ്ങനെയുള്ള പ്രേക്ഷകരുടെ മുന്നിലേക്കാണ് താൻ സിനിമയുമായി എത്തുന്നതെന്ന തിരിച്ചറിവും വിമർശനങ്ങളിൽ നിന്നുണ്ടാകാറുണ്ടെന്നും വിനീത് ശ്രീനിവാസൻ പറയുന്നു.