മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. സെൻസറിംഗിന് ശേഷം യു എ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ഈ വരുന്ന ഒക്ടോബർ ഏഴ് വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുക. ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രം സംവിധാനം ചെയ്ത നിസാം ബഷീർ ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. ഇപ്പോഴിതാ ഇതിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ ഈ ചിത്രത്തെ കുറിച്ച് മമ്മൂട്ടി വെളിപ്പെടുത്തിയ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. വളരെ വ്യത്യസ്തമായ രീതിയിൽ യാത്ര ചെയുന്ന ചിത്രമാണിതെന്നും ക്ഷമയോടെ കാണേണ്ട ചിത്രം കൂടിയാണ് റോഷാക്കെന്നും മമ്മൂട്ടി പറയുന്നു. സംവിധായകൻ ഉദ്ദേശിച്ച സംഭവം പ്രേക്ഷകരിലേക്ക് എത്താൻ ലേശം ക്ഷമ വേണമെന്ന് താൻ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് എന്നും മമ്മൂട്ടി പ്രസ് മീറ്റിൽ പറഞ്ഞു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക.
മമ്മൂട്ടിക്കൊപ്പം ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ്, സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ എന്നിവരാണ്. രണ്ടര മണിക്കൂർ ദൈർഖ്യമുള്ള ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ തിരക്കഥ രചിച്ച ഈ ചിത്രം താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്.