ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം ആഗോള ഗ്രോസ് ആയി 70 കോടിയിലേക്ക് അടുക്കുന്നു. കേരളത്തിൽ നിന്ന് മാത്രം 30 കോടിയിലും കൂടുതൽ നേടിയ ഈ ചിത്രം വിദേശത്തും 30 കോടിയിലേക്കാണ് എത്തുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ചിത്രം അമ്പരപ്പിക്കുന്ന വിജയം തുടരുകയാണ്.
ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റാണ് ഈ ചിത്രം. ആദ്യമായാണ് ആസിഫ് അലി നായകനായ ഒരു ചിത്രം 50 കോടി ക്ലബിൽ ഇടം പിടിക്കുന്നത്. ഇന്നത്തോടെ 70 കോടി പിന്നിടുന്ന ചിത്രം ഫൈനൽ ഗ്രോസ് ആയി എത്ര നേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആസിഫ് അലിയുടെ ആരാധകരും സിനിമാ പ്രേമികളും.
25 കോടിയോളം ആഗോള ഗ്രോസ് നേടിയ തലവൻ എന്ന ചിത്രമായിരുന്നു ഇതിന് മുൻപ് ആസിഫ് ആലിയയുടെ ഏറ്റവും വലിയ ഹിറ്റ്. ഈ വർഷമാണ് തലവനും പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആ ചിത്രത്തിനേക്കാൾ മൂന്നിരട്ടിയോളം ഗ്രോസ് ആണ് കിഷ്കിന്ധാ കാണ്ഡം നേടിയിരിക്കുന്നത്. മോഹൻലാൽ, നിവിൻ പോളി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സൗബിൻ, നസ്ലെൻ, ടോവിനോ തോമസ് എന്നിവർക്ക് ശേഷം 50 കോടി ക്ലബിലെത്തുന്ന നായകനായി ആസിഫ് മാറി.
ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം രചിച്ചത് ബാഹുൽ രമേശാണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ചിത്രത്തിൽ വിജയരാഘവൻ, അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ, നിഷാൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.