ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രമായ കിഷ്കിന്ധാ കാണ്ഡം സൂപ്പർ വിജയം നേടി മുന്നേറുന്നു. ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾക്കൊപ്പം ബോക്സ് ഓഫീസിലും ഓരോ ദിനവും ഗംഭീര പ്രകടനമാണ് ചിത്രം നടത്തുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് 47 ലക്ഷം രൂപം ഗ്രോസ് നേടിയ ഈ ചിത്രം, രണ്ടാം ദിനം 65 ലക്ഷം, മൂന്നാം ദിനം 1 കോടി 40 ലക്ഷം, നാലാം ദിനം 1 കോടി 80 ലക്ഷം, അഞ്ചാം ദിനം 2 കോടി 57 ലക്ഷം എന്നിങ്ങനെയാണ് കളക്ഷൻ നേടിയത്.
ആദ്യ അഞ്ച് ദിനം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 7 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം ആഗോള കളക്ഷനായി നേടിയത് 14 കോടിക്ക് മുകളിലാണെന്നാണ് ആദ്യ കണക്കുകൾ പറയുന്നത്. തലവൻ എന്ന ജോസ് ജോയ് ചിത്രത്തിന് ശേഷം, ഈ വർഷത്തെ ആസിഫ് അലിയുടെ ഏറ്റവും വലിയ ഹിറ്റാണ് കിഷ്കിന്ധാ കാണ്ഡം. റിലീസ് ചെയ്ത് ആദ്യ ദിവസത്തേതിനേക്കാൾ സ്‌ക്രീനുകളും ഷോകളും ആറാം ദിവസത്തിൽ ഈ ചിത്രത്തിനുണ്ട് എന്നത്, ഇതിന് ലഭിക്കുന്ന ഗംഭീര സ്വീകരണത്തിന് അടിവരയിടുന്നു.
ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ വിജയരാഘവൻ, അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചത്. ആസിഫ് അലി, വിജയരാഘവൻ എന്നിവരുടെ അതിഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ഫാമിലി മിസ്റ്ററി ത്രില്ലറായാണ് കിഷ്കിന്ധാ കാണ്ഡം ഒരുക്കിയിരിക്കുന്നത്.