അമർ അക്ബർ അന്തോണി 2; നായകനിരയിൽ ആസിഫ് അലിയും

Advertisement

നാദിർഷ എന്ന സംവിധായകൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായ അമർ അക്ബർ അന്തോണിക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത അമർ അക്ബർ അന്തോണി രചിച്ചത് നവാഗതരായ വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ആണ്. അമർ അക്ബർ അന്തോണിക്ക് ഒരു രണ്ടാം ഭാഗം ആലോചനയിൽ ഉണ്ടെന്നും അത് സംഭവിച്ചാൽ അതിന്റെ നായക നിരയിൽ പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവർക്കൊപ്പം ആസിഫ് അലിയും ഉണ്ടാകുമെന്നും വെളിപ്പെടുത്തുകയാണിപ്പോൾ നാദിർഷ. തന്റെ ഏറ്റവും പുതിയ ചിത്രമായ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയുടെ പ്രമോഷൻ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് നാദിർഷ ഈ വാർത്ത പുറത്ത് വിട്ടത്. ആസിഫ് താല്പര്യം കാണിച്ചാൽ തീർച്ചയായും ആസിഫ് ഈ രണ്ടാം ഭാഗത്തിലുണ്ടാകുമെന്നും നാദിർഷ പറഞ്ഞു.

ആദ്യം അമർ അക്ബർ അന്തോണിയിലെ ഒരു നായകനായി തീരുമാനിച്ചത് ആസിഫ് അലിയെ ആയിരുന്നുവെന്നും ആസിഫ് ആ വേഷം ചെയ്യാൻ സമ്മതിച്ചിരുന്നുവെന്നും നാദിർഷ വെളിപ്പെടുത്തി. പിന്നീട് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിലെത്തിയപ്പോൾ, അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് ഇതിലെ മൂന്ന് നായകന്മാരായി ക്ലാസ്സ്‌മേറ്റ്സിലെ ടീമായ ജയസൂര്യയും ഇന്ദ്രജിത്തും കൂടെ വന്നതെന്ന് നാദിർഷ പറഞ്ഞു. അത് താൻ ആസിഫിനോട് പറഞ്ഞപ്പോൾ ആസിഫ് സന്തോഷത്തോടെ പിന്മാറി എന്നും ഒപ്പം ചിത്രത്തിൽ ഒരതിഥി വേഷം ചെയ്യാൻ മടി കാണിക്കാതെ വന്നെന്നും നാദിർഷ കൂട്ടിച്ചേർത്തു. ആസിഫിന്റെ ആ നന്മ ഒരിക്കലും മറക്കാൻ കഴിയില്ല എന്നത് കൊണ്ട് തന്നെയാണ് അമർ അക്ബർ അന്തോണി 2 വരുമ്പോൾ അതിൽ ആസിഫും ഉണ്ടാവണം എന്നാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി, ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ ഒരുക്കിയ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ഉടൻ റിലീസ് ചെയ്യും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close