മലയാളത്തിൽ ഏറെ ശ്രദ്ധേയമായ രണ്ട് യുവനടന്മാരാണ് ആസിഫ് അലിയും ദുൽഖർ സൽമാനും. വ്യത്യസ്‌തമായ അഭിനയ ശൈലികൊണ്ട് തന്റേതായ സ്ഥാനം ഇരുവരും മലയാള സിനിമയിൽ ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. മലയാളത്തിൽ ബിജോയ് നമ്പ്യാരുടെ സോളോയാണ് ദുൽഖറിന്റെ അവസാനമായി പുറത്തിറങ്ങിയത്. അന്യ ഭാഷ ചിത്രങ്ങളിലായിരുന്നു താരം കഴിഞ്ഞ കുറച്ചു നാളായി ശ്രദ്ധ കേന്ദ്രികരിച്ചിരുന്നത്. ആഗസ്റ്റ് 3ന് ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രമായ ‘കർവാൻ’ റിലീസിനായി ഒരുങ്ങുകയാണ്. ആസിഫ് അലിയുടെ ‘ഇബിലീസ്’ എന്ന ചിത്രവും അതേ ദിവസം തന്നെയാണ് കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്. ബി. ടെക്കാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലിയും ദുൽഖറും നേർക്ക് നേർ പോരാട്ടത്തിന് ഇറങ്ങാൻ ഇനി വെറും 3 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
ഇർഫാൻ ഖാൻ, ദുൽഖർ, മിത്തിലാ പൽക്കർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ആകര്ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കർവാൻ’. കോമഡി, ഫാമിലി എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു റോഡ് മൂവിയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഭാഷങ്ങൾ ഒരുക്കുന്നത് ഹുസൈൻ ദലാലാണ്, തിരക്കഥ രചിച്ചിരിക്കുന്നത് ആകര്ഷ് ഖുറാന തന്നെയാണ്. സോളോയുടെ സംവിധായകൻ ബിജോയ് നമ്പ്യാരാണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. അവിനാഷ് അരുനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അജയ് ശർമ്മയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതീക് ഖുഹാദ്, അനുരാഗ് സൈക്കിയാ, ഇമാദ് ഷാ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇഷ്‌ക മൂവിസിന്റെയും ആർ.എസ്.വി.പി മൂവീസിന്റെയും ബാനറിൽ റോണി സ്ക്രിവാലയുണ് പ്രീതി രതി ഗുപ്‌തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ആസിഫ് അലിയെ നായകനാക്കി രോഹിത് വി. എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇബിലീസ്’. രോഹിത്തിന്റെ ആദ്യ ചിത്രമായ അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിൽ നായകൻ ആസിഫ് അലി തന്നെയായിരുന്നു. വീണ്ടും മറ്റൊരു പരീക്ഷണ ചിത്രവുമായാണ് സംവിധായകൻ മുന്നോട്ട് വന്നിരിക്കുന്നത്. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. സമീർ അബ്ദുലാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു അഡ്‌വെഞ്ചേഴ്‌സ് മൂവിയായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലാൽ, മാസ്റ്റർ അധിഷ്, സിദ്ദിഖ്, ശ്രീനാഥ് ഭാസി, സൈജു കുറിപ്പ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡാൻ വിൻസെന്റാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഖിൽ ജോർജാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്റെ ബാനറിൽ ശ്രീലക്ഷ്മിയും ഭൂപൻ തച്ചോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രണ്ട് ഭാഷകളിലായി മലയാളത്തിലെ രണ്ട് യുവനടന്മാരുടെ ചിത്രങ്ങളാണ് ഏതാനും ദിവസങ്ങൾക്കകം നേർക്ക് നേർ പോരാട്ടത്തിനൊരുങ്ങുന്നത്. ദുൽഖർ എന്ന താരത്തെ പരിഗണിക്കുമ്പോൾ സാധാരണ ഹിന്ദി ചിത്രങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകരിയതയേക്കാൾ ഏറെ മുന്നിലായിരിക്കും ‘കർവാൻ’. കൂടുതൽ റിലീസ് സെന്ററുകൾ കേരളത്തിൽ ഏത് ചിത്രത്തിനായിരിക്കും എന്നാണ് സിനിമ പ്രേമികൾ ഉറ്റു നോക്കുന്നത്.