യു ആർ എഫ് ഏഷ്യൻ റെക്കോർഡ് ജേതാവും ഉജ്വല ബാല്യ പുരസ്കാര ജേതാവുമായ കുമാരി റോസ് മരിയ സെബാസ്റ്റിയൻ ചിത്രകലയിലെ അത്ഭുത പ്രതിഭ എന്ന നിലയിൽ ഇപ്പോൾ ഏറെ പ്രശസ്തയാണ്. വളരെ ചെറിയ പ്രായം മുതൽ ചിത്രങ്ങൾ വരയ്ക്കുന്ന ഈ ബാലകലാകാരി ഇപ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. തന്റെ ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തയായ ഈ കൊച്ചു കലാകാരിയുടെ ഏറ്റവും വലിയ ആഗ്രഹം അഭിനയ കലയിലെ വിസ്മയമായ മോഹൻലാലിനെ ഒരിക്കൽ എങ്കിലും നേരിട്ട് കാണുക എന്നതാണ്. മോഹൻലാലിന്റെ കടുത്ത ആരാധികയായ റോസ്‌മരിയ വരച്ച മോഹൻലാലിന്റെ മനോഹര ചിത്രങ്ങൾ അനവധിയാണ്. ഈ അടുത്തിടെ റോസ്‌മരിയ വരച്ച മോഹൻലാലിൻറെ ഒടിയൻ ലുക്കിലുള്ള ക്യാൻവാസ് ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.
ലാലേട്ടനെ ഒരുപാട് സ്നേഹിക്കുന്ന റോസ്‌മരിയയുടെ ഏറ്റവും വലിയ സ്വപ്നമാണ് അദ്ദേഹത്തെ നേരിട്ട് കാണുക എന്നതും താൻ വരച്ച അദ്ദേഹത്തിന്റെ ചിത്രം അദ്ദേഹത്തിന് നേരിട്ട് സമ്മാനിക്കുക എന്നതും. റോസ്‌മരിയ വരച്ച ഭാവനാ ചിത്രമായ ഒടിയൻ ഇടുക്കിയിൽ വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ നിന്ന് നേടിയെടുക്കുന്നത്. റോസ്‌മരിയ ആ ചിത്രം വരയ്ക്കുന്ന വിഡിയോയും ഏറെ വൈറൽ ആയി മാറിയിരുന്നു. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആണ് റോസ്‌മരിയയുടെ ചിത്രങ്ങളെ വിസ്മയകരമാക്കുന്നതു. കലാകാരൻമാരെ എന്നും പ്രോത്സാഹിപ്പിക്കുന്ന, ഏറെ ആദരവോടെ കാണുന്ന മോഹൻലാലിൻറെ അടുത്ത് ഈ വിവരങ്ങൾ എത്തിയാൽ തീർച്ചയായും അദ്ദേഹം ഈ ബാലപ്രതിഭയെ നേരിട്ട് കാണും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
കോതമംഗലം ചെറിയപള്ളി കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് റോസ് മരിയ സെബാസ്റ്റ്യന്റെ 4500 -ലധികം ചിത്രങ്ങളുടെ പ്രദർശനം നടത്തിയിരുന്നു. ചിത്ര പ്രദർശനത്തിൽ നിന്നു ലഭിക്കുന്ന മുഴുവൻ വരുമാനവും സംസ്ഥാനത്തെ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി നല്കാൻ വേണ്ടിയാണു റോസ്‌മരിയ ഈ പ്രദർശനം നടത്തിയത് . കഴിഞ്ഞ വർഷം കേരളത്തിലെ 141 എം എൽ എ മാരുടെയും ചിത്രങ്ങൾ വരച്ച് നിയമസഭയുടെ പ്രത്യേക അനുമോദനം നേടി മാധ്യമശ്രദ്ധ നേടിയ ആളാണ് കുമാരി റോസ് മരിയ സെബാസ്റ്റ്യൻ. ഇടുക്കി പൊൻമുടി സ്വദേശിനിയായ ഈ കലാകാരി ഇപ്പോൾ താമസമാക്കിയിരിക്കുന്നത് കോതമംഗലത്താണ് . ഒക്ടോബർ 2 ചൊവ്വാഴ്ച രാവിലെ 10 ന് ബഹുമാനപെട്ട കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ആണ് റോസ്‌മരിയ നടത്തിയ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത്. പ്രശസ്ത വ്യക്തികളുടെയും ചരിത്ര പുരുഷൻമാരുടെയും ചിത്രങ്ങളാണ് ഈ പ്രദർശനത്തിൽ കൂടുതലായി ഉൾപ്പെടുത്തിയിരുന്നത്. റോസ്‌മരിയയുടെ പ്രീയപ്പെട്ട ലാലേട്ടന്റെ ചിത്രങ്ങളും ഇതിൽ നമ്മുക്ക് കാണാൻ സാധിക്കും.
പൊൻമുടി അമ്പഴത്തിനാൽ സെബാസ്റ്റിയൻ- ഷേർളി ദമ്പതികളുടെ മകളാണ് റോസ്‌മരിയ. നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുള്ള റോസ്‌മരിയ ഒട്ടേറെ പുരസ്‍കാരങ്ങളും അംഗീകാരങ്ങളുമാണ് ഈ ചെറു പ്രായത്തിൽ തന്നെ കരസ്ഥമാക്കിയിരിക്കുന്നതു. പെൻസിൽ ഡ്രോയിങ് ആണ് റോസ്‌മരിയയുടെ ഇഷ്ട ഇനം എങ്കിലും ഓയിൽ പൈന്റിങ്ങും ഈ അതുല്യ കലാകാരി മികവോടെ തന്നെ ചെയ്യും. മൂന്നാം ക്ലാസ് മുതൽ ചിത്രകലയിലുള്ള തന്റെ പരീക്ഷണങ്ങൾ ആരംഭിച്ച റോസ്‌മരിയ ഇപ്പോൾ രാജാക്കാട് ഗവൺമെന്റ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഒരു ദിവസം ഒൻപതു ചിത്രങ്ങൾ വരെ ഈ ബാലകലാകാരി വരച്ചിരുന്നു എന്നതാണ് റോസ്‌മരിയയെ വിസ്മയത്തോടെ നോക്കി കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉൽസവത്തിൽ പങ്കെടുത്തും ജനഹൃദയം കവർന്ന കലാകാരിയാണ് റോസ്മേരി സെബാസ്റ്റിയൻ. ഏതായാലും നിറങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന ഈ കൊച്ചു കലാകാരിക്ക് താൻ ഏറെ സ്നേഹിക്കുന്ന മോഹൻലാൽ എന്ന വെള്ളിത്തിരയിലെ വിസ്മയത്തെ ഉടനെ കാണാൻ സാധിക്കട്ടെ എന്ന് നമ്മുക്ക് പ്രാർഥിക്കാം.