ആശ ശരത് പ്രധാന വേഷത്തിൽ എത്തിയ കെ കെ രാജീവ് ചിത്രമായ എവിടെ ഇന്നാണ് തീയേറ്ററുകളിൽ എത്തിയത്. എന്നാൽ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആശ ശരത് ഇന്നലെ തന്റെ ഫേസ്ബുക് പേജിലൂടെ ഇട്ട വീഡിയോ ഇപ്പോൾ വലിയ വിവാദം ആയിരിക്കുകയാണ്. ആ വീഡിയോ കുറച്ചൊന്നുമല്ല ഈ നടിക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഫേസ്ബുക്കിലെ ട്രോളുകളുടെ പെരുമഴക്കു പിന്നാലെ നടിയുടെ വീഡിയോക്ക് എതിരെ ഇപ്പോൾ പോലീസ് കേസും എത്തിയിരിക്കുകയാണ്. പ്രശസ്ത അഭിഭാഷകൻ ശ്രീജിത്ത് പെരുമനയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. സിനിമാ പ്രൊമോഷൻ എന്ന പേരിൽ കട്ടപ്പന പോലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടി കാണിച്ചാണ് അദ്ദേഹം ആശ ശരത്തിനെതിരെ കേസ് നൽകിയിരിക്കുന്നത്.
ആ വീഡിയോയിൽ കാണുന്നത് എവിടെ എന്ന ചിത്രത്തിലെ ജെസ്സി എന്ന കഥാപാത്രം ആണെന്നും കട്ടപ്പന പോലീസ് സ്റ്റേഷൻ ആ സിനിമയുടെ കഥയിലെ ഒരു ഭാഗം ആണെന്നും ആശ ശരത് പറയുന്നു. സിനിമയുടെ പ്രമോഷന് വേണ്ടി അതിന്റെ കഥയും കഥാപാത്രവുമായി ബന്ധപ്പെട്ടാണ് അങ്ങനെ ഒരു ആശയം ഉപയോഗിച്ച് വീഡിയോ ചെയ്തത് എന്നും ആശ ശരത് വിശദീകരിക്കുന്നു. കരഞ്ഞു കലങ്ങിയ ഭാവത്തിൽ തന്റെ ഭർത്താവിനെ കാണാനില്ല എന്ന് ആശ ശരത് ഒരാമുഖവും കൂടാതെ ഫേസ്ബുക് വീഡിയോയിലൂടെ പറയുമ്പോൾ ഏവർക്കും അത് യഥാർത്ഥ വീഡിയോ ആയി മാത്രമേ തോന്നുകയുള്ളൂ. എവിടെ പ്രമോഷൻ വീഡിയോ ആണെന്നുള്ള തലക്കെട്ടു ഉണ്ടെങ്കിലും ആളുകൾ അത് ശ്രദ്ധിക്കുന്നത് അവസാനം മാത്രം ആയിരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണ് അതെന്നും അധികാരപ്പെട്ടവരുടെ അനുവാദം ഇല്ലാതെ ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത് കുറ്റകരം ആണെന്നും അദ്ദേഹം പറയുന്നു. ആ വീഡിയോ നീക്കം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.