മമ്മൂട്ടി നായകനായി എത്തിയ ഉണ്ട എന്ന ചിത്രം ഇന്നലെ മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്ഠ പ്രശംസയാണ് ഏറ്റു വാങ്ങുന്നത്. സിനിമാ ലോകത്തു നിന്നും ഏറെ ആളുകൾ ഉണ്ട കണ്ടു മികച്ച അഭിപ്രായം ആണ് പങ്കു വെക്കുന്നത്. പ്രശസ്ത സംവിധായകൻ അരുൺ ഗോപി ആണ് ഇപ്പോൾ ഉണ്ടക്കു അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞിരിക്കുന്ന സിനിമയാണ് ഉണ്ട എന്നും ഇത് പ്രേക്ഷകർക്ക് വളരെ പുതുമയാർന്ന ഒരു സിനിമാനുഭവം സമ്മാനിക്കും എന്നും അരുൺ ഗോപി തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
മമ്മൂട്ടി ഗംഭീര പ്രകടനം ആണ് നടത്തിയിരിക്കുന്നത് എന്നും അരുൺ ഗോപി പറഞ്ഞു. സംവിധായകൻ ഖാലിദ് റഹ്മാൻ, രചയിതാവ് ഹർഷാദ്, സാങ്കേതിക പ്രവർത്തകർ, മറ്റു അഭിനേതാക്കൾ എന്നിവരും അരുൺ ഗോപി പ്രശംസ ചൊരിയുന്നുണ്ട്. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ലുക്മാൻ, ജേക്കബ് ഗ്രിഗറി, റോണി, രഞ്ജിത്ത്, ഭഗവൻ തിവാരി, ഓംകാർ ദാസ് മണിപ്പൂരി, അഭിരാം തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളയുടെ സംഗീതവും സജിത്ത് പുരുഷന്റെ ദൃശ്യങ്ങളും മികച്ചു നിൽക്കുന്നു. നിഷാദ് യൂസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു. ആസിഫ് അലി, വിനയ് ഫോർട്ട്, സുധി കോപ്പ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ എന്നിവരും ഈ ചിത്രത്തിൽ ചെറിയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.