ഹനാന് അവസരം കൊടുക്കും എന്ന നിലപാടിൽ നിന്ന് പുറകോട്ടില്ലെന്നു അരുൺ ഗോപി; പരിഹസിച്ചതിനു മാപ്പു ചോദിച്ചു സോഷ്യൽ മീഡിയ..!

Advertisement

കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട ഹനാൻ വിവാദത്തിനു അന്ത്യമാകുന്നു. ജീവിക്കാൻ വേണ്ടി മീൻ കച്ചവടം നടത്തുന്ന ഹനാൻ എന്ന വിദ്യാർത്ഥിനി സിനിമയിൽ അവസരം കിട്ടാൻ കാണിച്ച നാടകമാണ് അതെന്നും, സംവിധായകൻ അരുൺ ഗോപി തന്റെ പ്രണവ് മോഹൻലാൽ ചിത്രത്തിന് വേണ്ടി നടത്തിയ പ്രമോഷണൽ സ്റ്റണ്ട് ആണ് അതെന്നും പറഞ്ഞു ഹനാനെയും അരുൺ ഗോപിയെയും ട്രോളിയ സോഷ്യൽ മീഡിയ തങ്ങൾക്കു പറ്റിപ്പോയ തെറ്റ് മനസ്സിലാക്കി പിൻവാങ്ങുകയും സത്യമറിയാതെ പരിഹസിച്ചതിനു മാപ്പു ചോദിക്കുകയും ചെയ്യുകയാണ് ഇപ്പോൾ. ഹനാന്റെ ജീവിതത്തിലെ ദുരവസ്ഥ സത്യമാണെന്നു ആ കുട്ടിയെ വ്യക്തിപരമായി അറിയാവുന്നവരും ആ കുട്ടിയെ കുറിച്ച് വിശദമായി അന്വേഷിച്ചവരും എല്ലാം തന്നെ പറയുമ്പോൾ ഇപ്പോൾ ഹനാന് എതിരെയുള്ള വാക്കുകൾ നിശബ്ദമാവുകയാണ്. അതോടൊപ്പം തന്നെ ആ കുട്ടിക്ക് തന്റെ ചിത്രത്തിൽ അവസരം കൊടുക്കും എന്നുള്ള നിലപാടിൽ നിന്ന് പുറകോട്ടില്ല എന്ന് സംവിധായകൻ അരുൺ ഗോപിയും പറഞ്ഞു കഴിഞ്ഞു.

ആ കുട്ടിയുടെ അവസ്ഥ സത്യമാണെന്നു അന്വേഷിച്ചറിഞ്ഞു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഒരാളെ സഹായിക്കാൻ ഉള്ള മനസ്സ് കൊണ്ടാണ് ആ കുട്ടിക്ക് ഒരു അവസരം ഒരുക്കി കൊടുക്കാൻ തയ്യാറായതെന്നും അരുൺ ഗോപി പറഞ്ഞു. അതിനെ പോലും വളച്ചൊടിച്ചു ചിലർ മോശമായ രീതിയിൽ പ്രചരിപ്പിച്ചതു വളരെ വിഷമകരമായ കാര്യം ആണെന്ന് പറഞ്ഞ അരുൺ ഗോപി, ഇപ്പോൾ സത്യം എല്ലാവർക്കും മനസ്സിലായത് കൊണ്ട് തന്നെ തന്റെ തീരുമാനത്തിൽ താൻ ഉറച്ചു നിൽക്കുന്നു എന്ന് തന്നെയാണ് പറയുന്നത്. ആ കുട്ടിക്ക്ത താല്പര്യം ഉണ്ടെങ്കിൽ തന്റെ ചിത്രത്തിൽ ഹനാന് ഒരു വേഷം കൊടുക്കും എന്ന തീരുമാനം അരുൺ ഗോപി പരസ്യമായി തന്നെ പറഞ്ഞു കഴിഞ്ഞു. തന്നെയോ തന്റെ സിനിമയെയോ ആക്രമിച്ചോളൂ എന്നും പക്ഷെ ജീവിക്കാൻ പാട് പെടുന്ന ആ കുട്ടിയെ ഉപദ്രവിക്കരുത് എന്നും അരുൺ ഗോപി ഒരു ചാനലിനോട് പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close