ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ഒരു തെക്കൻ തല്ല് കേസ് ഇപ്പോൾ സൂപ്പർ വിജയം നേടി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. എല്ലാത്തരം പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം, ജി ആർ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥ രചിച്ച ചിത്രമാണ്. അഭിനേതാക്കളുടെ പ്രകടനവും ആക്ഷനും കോമെഡിയുമൊക്കെ കയ്യടി നേടുന്നതിനൊപ്പം തന്നെ ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ഒന്നാണ് ഇതിന്റെ കലാസംവിധാനം. 1980 കളിൽ, തെക്കൻ കേരളത്തിലെ അഞ്ചുതെങ്ങ് എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയായാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കഥ നടക്കുന്ന പശ്ചാത്തലം ആദ്യ ഫ്രെയിം മുതൽ തന്നെ പ്രേക്ഷകരുടെ മനസ്സിലേക്കെത്തിക്കുക എന്ന ശ്രമകരമായ ജോലിയും ഉണ്ടായിരുന്നു. കഥാന്തരീക്ഷം വിശ്വസനീയമായെങ്കിൽ മാത്രമേ, അതിലെ കഥാപാത്രങ്ങളേയും അവരുടെ പ്രവർത്തികളേയും പ്രേക്ഷകർക്ക് സ്വീകരിക്കാൻ സാധിക്കു എന്നതാണ് സത്യം.
ആ കാര്യത്തിൽ ഒരു തെക്കൻ തല്ല് കേസ് നൂറു ശതമാനവും വിജയം നേടിയിട്ടുണ്ടെങ്കിൽ, അതിനൊരു കാരണക്കാരൻ കലാസംവിധായകനായ ദിലീപ് നാഥ് ആണ്. അത്ര മനോഹരവും വിശ്വസനീയവുമായ രീതിയിലാണ് അദ്ദേഹം എൺപതുകളിലെ, തെക്കൻ കേരളത്തിലെ ഒരു ഗ്രാമം പുനഃസൃഷ്ടിച്ചത്. കേന്ദ്ര കഥാപാത്രമായ അമ്മിണി പിള്ളയുൾപ്പെടെയുള്ളവരുടെ വീടുകൾ, ചിത്രത്തിലെ മർമ്മ പ്രധാനമായ ഭാഗങ്ങൾ നടക്കുന്ന കവല, എൺപതുകൾ അനുസ്മരിപ്പിക്കുന്ന കടകളും ആ കാലത്തേ വാഹനങ്ങളും വരെ ദിലീപ് നാഥും ടീമും മികച്ച രീതിയിൽ ഒരുക്കിയെടുത്തു. ചിത്രത്തിലെ ഓരോ ഫ്രെയിമും എൺപതുകളുടെ ആവേശവും ചിരിയും നമ്മുക്ക് സമ്മാനിച്ചപ്പോൾ ഇദ്ദേഹം ഒരുക്കി നൽകിയ പശ്‌ചാത്തലം അതിൽ വഹിച്ച പങ്കു വളരെ വലുതാണ്. ജനഗണമന, നായാട്ട്, ഭ്രമം, മധുരം, ഫോറൻസിക്, പൊറിഞ്ചു മറിയം ജോസ്, ഉയരെ, വിമാനം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റെ മികവ് തെളിയിച്ച വ്യക്തികൂടിയാണ് ദിലീപ് നാഥ്. ഏതായാലും എണ്പതുകളിലേക്കുള്ള ഒരു നൊസ്റ്റാൾജിക് ട്രിപ്പ് കൂടി ഒരു തെക്കൻ തല്ല് കേസ് സമ്മാനിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണം ദിലീപ് നാഥ് കൂടിയാണ്. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇവിടെ വിതരണം ചെയ്തതും ന്യൂ സൂര്യ ഫിലിംസാണ്.