
ശ്രീനിവാസനേയും വിനീത് ശ്രീനിവാസന്റെയും നായകനാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രം അരവിന്ദന്റെ അതിഥികൾ വിജയം തുടരുകയാണ്. പേര് സൂചിപ്പിക്കും പോലെ തന്നെ അരവിന്ദന്റെയും അരവിന്ദന്റെ അതിഥികളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ അരവിന്ദനായി വിനീത് ശ്രീനിവാസൻ ആണ് എത്തുന്നത് മുകുന്ദൻ എന്ന കഥാപാത്രമായി ശ്രീനിവാസനും എത്തുന്നു. മൂകാംബികയിൽ ഭക്തർക്കായി ലോഡ്ജ് നടത്തി ജീവിക്കുന്ന ഇരുവരുടെയും കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ഇവരുടേയും ജീവിതത്തിലേക്ക് ഗിരിജയും വരദയും എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഹാസ്യത്തിനു പ്രാധാന്യം നൽകിയൊരുക്കിയ കുടുംബചിത്രം മികച്ച അവതരണത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച അഭിപ്രായമാണ് ലഭിച്ചത്. പിന്നീട് ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെയും ശ്രീനിവാസന്റെയും ഉർവശിയുടെയും പ്രകടനം വളരെയധികം കയ്യടികൾ നേടിയിരുന്നു. കുടുംബ പ്രേക്ഷകർ ചിത്രം ആഘോഷം ആക്കിയതോടെ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ഇപ്പോഴും പ്രദർശനം തുടരുന്നത്. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ നിരവധി ചിത്രങ്ങൾ വന്നുവെങ്കിലും റിലീസ് ചെയ്ത തിയേറ്ററുകളിൽ നിന്നും മാറാതെയുള്ള തകർപ്പൻ പ്രകടനമാണ് അരവിന്ദന്റെ അതിഥികൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ വമ്പൻ കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിന്റെ വിജയം ആഘോഷിക്കുവാൻ വിനീത് ശ്രീനിവാസനും നായിക നിഖില വിമലും കഴിഞ്ഞ ദിവസങ്ങളിൽ തിയേറ്ററുകളിൽ നേരിട്ട് എത്തിയിരുന്നു