
ഈ വർഷം മലയാള സിനിമയിൽ പ്രദർശനത്തിനെത്തിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘അരവിന്ദന്റെ അതിഥികൾ’. വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രമാണിത്. ‘കഥ പറയുമ്പോൾ’, ‘മാണിക്യകല്ല്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹനന്റെ വലിയ തിരിച്ചു വരവിനും ചിത്രം വഴിയൊരുക്കി. നിഖില വിമലാണ് നായികയായി ചിത്രത്തിൽ അഭിനയിച്ചത്, ദിലീപ് ചിത്രം ലവ് 24×7 എന്ന ചിത്രത്തിൽ നായികയായി അരങ്ങേറിയ താരം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് നായികയായി മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത് .
‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രം വലിയ വിജയം ഇതിനോടകം ബോക്സ് ഓഫ്‌സിൽ നിന്ന് സ്വന്തമാക്കി. ഈ വർഷത്തെ ഏറ്റവും മികച്ച ഫീൽ ഗുഡ് ഫാമിലി എന്റർട്ടയിനറായാണ് ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി കേരളത്തിൽ കുറെയേറെ വലിയ റിലീസുകൾക്ക് സിനിമ പ്രേമികൾ സാക്ഷിയായി, എന്നാൽ കുടുംബ പ്രേക്ഷകരുടെ ശക്തമായ പിന്തുണ മൂലം ‘അരവിന്ദന്റെ അതിഥികൾ’ എന്ന സിനിമയെ കാര്യമായി ബാധിച്ചിട്ടില്ല എന്ന് തന്നെ പറയണം. 85 ദിവസം കേരളത്തിൽ പ്രദർശനം പൂർത്തിയാക്കിയ ചിത്രം വിനീത് ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിമാറി. 20 ഓളം തീയറ്ററുകളിൽ ഇന്നും ചിത്രം പ്രദർശനം തുടരുന്നുണ്ട്. ശ്രീനിവാസന്റെയും ഉർവശിയുടെയും ശക്തമായ തിരിച്ചുവരവും ചിത്രത്തിന് മുതൽ കൂട്ടായിരുന്നു.
അജു വർഗീസ് , കോട്ടയം നസീർ, ബൈജു, ശാന്തി കൃഷ്ണ, വിജയ രാഘവൻ, ബിജു കുട്ടൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാനുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് രാഘവനാണ്. സംഗീതം നിർവഹിച്ച ഷാൻ റഹ്മാന് ഒരുപാട് പ്രശംസകൾ ഇൻഡസ്ട്രിയിൽ നിന്ന് ലഭിക്കുകയുണ്ടായി സ്വരൂപ് അബ്രഹാമായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. പതിയാര എന്റർടൈന്മെന്റ്സും ബിഗ് ബാംഗ് എന്റർടൈന്മെന്റ്സിന്റെയും ബാനറിൽ പ്രദീപ് കുമാർ, പതിയാര, നോബിൾ ബാബു തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എം മോഹനൻ- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വൈകാതെ തന്നെ മറ്റൊരു ഫീൽ ഗുഡ് ചിത്രവും പ്രതീക്ഷിക്കാം.