സ്പാസ്റ്റിക് പാരാലിസിസ് ബാധിച്ച ഒരു കുട്ടിയുടെയും അവളുടെ അച്ഛന്റെയും കഥ പറയുന്ന തമിഴ് ചിത്രമാണ് പേരന്പു. റാം രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടിയും സാധനയും ആണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇരുവരുടെയും ഗംഭീര പ്രകടനം ആണ് ഇപ്പോൾ പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നു പറയാം. ഇപ്പോഴിതാ ഈ ചിത്രം കണ്ട് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത് അൽഫ പീഡിയാട്രിക് റിഹാബിലിറ്റേഷൻ & ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ പ്രവർത്തകർ ആണ്. ചിത്രം കണ്ട ഇവർ മമ്മൂട്ടിയെ കാണാൻ എത്തുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. മമ്മൂട്ടിക്ക് ഒരു ദേശീയ അവാർഡും വിഷ് ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത് നിങ്ങളുടെ അവാർഡ് കിട്ടി കഴിഞ്ഞല്ലോ, അത് തന്നെ ധാരാളം എന്നാണ്.
സെറിബ്രൽ പാൾസി കുട്ടിയും അതിന്റെ അച്ഛനും അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ കഥ എന്ന നിലയിൽ തങ്ങൾ ഏറെക്കാത്തിരുന്ന ഒരു സിനിമയായിരുന്നു പേരന്പ് എന്നു അവർ പറഞ്ഞു. അമുദവൻ എന്ന മമ്മൂട്ടി കഥാപാത്രം ചിത്രത്തിൻറെ തുടക്കത്തിൽ വിഷമിച്ചത് പോലെ പാപ്പായും അൽഫയിലെ നൂറിലധികം കുഞ്ഞുങ്ങളും മറ്റു കുഞ്ഞുങ്ങളെപ്പോലെ എന്ത് കൊണ്ട് നടക്കുന്നില്ല എന്ന് വെറും സിംപതിയോടെ ചിന്തിക്കുന്നവരാവും സമൂഹത്തിലധികവും എന്നും ഈ കുഞ്ഞുങ്ങളുടെ പരിമിതികളും കഴിവുകളും മനസ്സിലാക്കിക്കഴിയുമ്പോഴാണ് അവരിപ്പോൾ നടക്കുന്നത് പോലും എത്ര ബുദ്ധിമുട്ടിയാണ് എന്ന് സമൂഹം തിരിച്ചറിയുന്നത് എന്നും അവർ പറയുന്നു. അപ്പോഴാണ് ഒരുവനെ ചൂണ്ടി നീ എന്ത് കൊണ്ട് മറ്റവനെപ്പോലെ ആകുന്നില്ല എന്ന സമൂഹത്തിന്റെ ചോദ്യം എത്ര മാത്രം ക്രൂരവും ബ്രൂട്ടലുമാണെന്ന് അമുദവന്റെ ഒപ്പം നമ്മളും തിരിച്ചറിയുന്നത് എന്നും അവർ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ശബ്ദമില്ലാതെ അമുദവനെ മമ്മൂട്ടി എന്ന മഹാനടൻ അതിജീവിപ്പിക്കുന്ന നീറുന്ന ഒരു കലാസൃഷ്ടിയാണ് പേരൻപ് എന്നും ഒരു നടൻ സ്വയം ഒരു കഥയിലെ വരികളായും, സ്വയം ഒരു തിരക്കഥയായും മാറുന്ന അവിശ്വസനീയ കാഴ്ച്ചയാണ് ഈ ചിത്രം തന്നത് എന്നും അവർ അഭിപ്രായപ്പെട്ടു.
പേരന്പ് തങ്ങൾ അൽഫയ്ക്കും ഒരു പാഠമാണ് എന്നും തെറാപ്പികൾക്കും ചികിത്സകൾക്കും ഒപ്പം ഡെയ്‌ലി ലിവിങ് പരിശീലനങ്ങൾ നടത്തുന്നുണ്ടെങ്കിലും ചില സുപ്രധാന പരിശീലനങ്ങൾ കൂടി അവർക്ക് മുമ്പേ നൽകേണ്ടതിന്റെ ആവശ്യകത തങ്ങൾ തിരിച്ചറിയുന്നു എന്നും അവർ പറഞ്ഞു.