അങ്കമാലി ഡയറീസിലെ അപ്പാനി രവിയിലൂടെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാനുള്ള ഭാഗ്യം ലഭിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളായി മാറി ശരത് കുമാർ എന്ന അപ്പാനി ശരത്. മലയാളത്തിലും തമിഴിലുമായി മികച്ച വേഷങ്ങളുമായി മുന്നേറുന്ന ഈ കലാകാരൻ തമിഴ് വെബ് സീരിസ് ആയ ഓട്ടോ ശങ്കറിലെ കേന്ദ്ര കഥാപാത്രം ആയി അഭിനയിക്കുകയാണ് ഇപ്പോൾ. തമിഴ്‌നാടിനെ വിറപ്പിച്ച സീരിയൽ കില്ലർ ആയ ഓട്ടോ ശങ്കർ എന്ന നെഗറ്റീവ് കഥാപാത്രമായി അപ്പാനി രവിയെ അനശ്വരമാക്കിയ ശരത് എത്തുമ്പോൾ പ്രതീക്ഷകൾ വളരെ വലുതാണ്. ഓട്ടോ ശങ്കറിനെ കുറിച്ച് അപ്പാനി രവി ഇപ്പോൾ മനസ്സ് തുറക്കുകയാണ്. ഈ വെബ് സീരിസിന്റെ ഏകദേശം അറുപതു ശതമാനവും ഷൂട്ട് ചെയ്തു കഴിഞ്ഞു എന്നും , ഗൗരി ശങ്കർ എന്ന ഓട്ടോ ശങ്കറിന്റെ ജീവിത കഥയാണ് ഈ ഇതിലൂടെ പറയുന്നതെന്നും ശരത് പറഞ്ഞു. മലയാളിയായ അമ്മയ്ക്കും തമിഴനായ അച്ഛനും ജനിച്ച ഗൗരി ശങ്കർ എങ്ങനെ കുപ്രസിദ്ധ ക്രിമിനൽ ആയി മാറി എന്ന കഥയാണ് ഈ വെബ് സീരിസ് പറയുക.
ഓട്ടോ ശങ്കറിന്റെ സംസാര ശൈലി, ശരീര ഭാഷ, അയാൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, അത് ഉപയോഗിച്ചിരുന്ന രീതി എന്നിങ്ങനെയെല്ലാം വീണ്ടും ഈ വെബ് സീരിസിലൂടെ പുനർസൃഷ്ടിക്കാൻ ആണ് ശ്രമിക്കുന്നതെന്നും തനിക്കിതു പുതിയ ഒരനുഭവം ആണെന്നും അപ്പാനി ശരത് പറയുന്നു. കുപ്രസിദ്ധനായിരുന്ന ഓട്ടോ ശങ്കറിനെ കുറിച്ച് നല്ലതു മാത്രം പറയുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നും അത് തനിക്കു ഒരു പുതിയ അറിവ് ആയിരുന്നു എന്നും ശരത് പറയുന്നു. ആ വശത്തിനു കൂടി പ്രാധാന്യം നൽകി കൊണ്ടാണ് ഓട്ടോ ശങ്കർ എന്ന ഈ വെബ് സീരിസ് ഒരുക്കുന്നതെന്നും ശരത് കൂട്ടി ചേർത്തു.നാല് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ഇതിൽ തനിക്കു നാല് ഗെറ്റപ്പുകൾ ഉണ്ടെന്നും അതുപോലെ തന്റെ കരിയറിലെ ഏറ്റവും വലിയ കഥാപാത്രം ആണിതെന്നും അപ്പാനി ശരത് പറയുന്നു. ഈ സീരിസിന്റെ ഛായാഗ്രാഹകൻ ആയ മനോജ് പരമഹംസയാണ് അങ്കമാലി ഡയറീസിലെ മിന്നുന്ന പ്രകടനം കണ്ടു ശരത്തിനെ ഈ വേഷം ചെയ്യാൻ നിർദേശിച്ചത്. ഇത്തരം മാസ്സ് നെഗറ്റീവ് റോളുകൾ ചെയ്യുന്നത് തനിക്കു വളരെ ഇഷ്ടമാണെന്നും ശരത് പറഞ്ഞു.