അപ്പോത്തിക്കിരി വന്നിട്ട് ഇന്നേക്ക് നാല് വർഷം; ഇളയ രാജയുമായി മാധവ് രാമദാസൻ എത്തുന്നു..!

Advertisement

മാധവ് രാമദാസൻ എന്ന സംവിധായകൻ മലയാള സിനിമയിൽ അരങ്ങേറിയത് ഏഴു വർഷങ്ങൾക്കു മുൻപാണ്. മേൽവിലാസം എന്ന കോർട്ട് റൂം ഡ്രാമ അല്ലെങ്കിൽ ലീഗൽ ത്രില്ലർ ഒരുക്കിക്കൊണ്ടു മലയാള സിനിമയെ ഞെട്ടിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം എന്ന് പറയാം. കാരണം അത്തരമൊരു ചിത്രം അതിനു മുൻപോ പിൻപോ മലയാളത്തിൽ വന്നിട്ടില്ല എന്നത് തന്നെ കാരണം. സാമൂഹികമായി വരെയധികം പ്രസക്തിയുള്ള ഒരു വിഷയം വളരെ ആകാംക്ഷയുണർത്തുന്ന രീതിയിലും അതുപോലെ തന്നെ വൈകാരികമായി മനസ്സിൽ സ്പർശിക്കുന്ന രീതിയിലും ആണ് മാധവ രാമദാസൻ അവതരിപ്പിച്ചത്. സുരേഷ് ഗോപി, പാർത്ഥിപൻ, കൃഷ്ണ കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മേൽവിലാസം ദേശീയ തലത്തിലും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പോലും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.

അതിനു ശേഷം 2014 ഇൽ അപ്പോത്തിക്കിരി എന്ന ചിത്രമൊരുക്കിയാണ് മാധവ് രാമദാസൻ വീണ്ടും എത്തിയത്. സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം അക്ഷരാർഥത്തിൽ നമ്മുടെ സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടി ആയിരുന്നു. നമ്മുടെ മെഡിക്കൽ രംഗത്തും ഹോസ്പിറ്റലുകളിലും നടക്കുന്ന കാര്യങ്ങളുടെ പച്ചയായ ആവിഷ്കാരമായിരുന്നു മാധവ് രാമദാസൻ ഈ ചിത്രത്തിലൂടെ നടത്തിയത്. ഡോക്ടർമാരെ ദൈവത്തെ പോലെ കാണുന്ന നമ്മുടെ സമൂഹത്തോട് അവരിൽ ചിലരെങ്കിലും കാണിക്കുന്ന ചതിയും അതിനു പുറകിൽ നടക്കുന്ന കളികളും അതിന്റെ എല്ലാ തീവ്രതയോടെയും ആഴത്തോടെയും പ്രേക്ഷകന് നൽകിയ ഈ സംവിധായകൻ അക്ഷരാർഥത്തിൽ വിസ്മയിപ്പിക്കുകയായിരുന്നു. ജീവിതമാണ് അതിന്റെ എല്ലാ റിയാലിറ്റിയോടെയും അദ്ദേഹം നമ്മുടെ മുന്നിൽ അവതരിപ്പിച്ചു കാണിച്ചത്.

Advertisement

ഇപ്പോഴിതാ അപ്പോത്തിക്കിരി ഇറങ്ങി ഇന്നേക്ക് നാല് വർഷം തികയുമ്പോൾ മറ്റൊരു മാസ്റ്റർ ക്ലാസ് ഒരുക്കുന്നതിന്റെ തിരക്കിലാണ് മാധവ് രാമദാസൻ. ഇളയ രാജ എന്ന് പേരിട്ടിരിക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിൽ ആണ് അദ്ദേഹമിപ്പോൾ. ഗിന്നസ് പക്രു നായക വേഷത്തിൽ എത്തുന്ന ഈ ചിത്രം എന്ത് വിഷയമാണ് പറയാൻ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഓരോ സിനിമാ പ്രേമിയും. കാരണം, ചിത്രമൊരുക്കുന്നത് മാധവ രാമദാസൻ എന്ന പ്രതിഭയാവുമ്പോൾ അവർ പ്രതീക്ഷിക്കുന്നത് വെള്ളിത്തിരയിൽ വിരിയുന്ന ജീവിതമാണ്, അതിലൂടെ സമൂഹത്തിലേക്ക് തുറക്കപ്പെടുന്ന കണ്ണുകൾ ആണ്. ജീവിതത്തെയും സിനിമയെയും വേർതിരിക്കുന്ന ആ വര മാധവ് രാമദാസന്റെ ചിത്രങ്ങളിൽ വളരെ നേർത്തതാണ്. കാരണം ജീവനുള്ള സിനിമയാണ് അദ്ദേഹം ഒരുക്കുന്നത്. ജീവനുള്ള കഥാപാത്രങ്ങൾ പ്രേക്ഷകരോട് അവരുടെ വികാര വിചാരങ്ങളിലൂടെ സംവദിക്കുന്ന, അവരുടെ മനസ്സിനെ തൊടുന്ന , അവരെ തങ്ങളുടെ ലോകത്തേക്ക് കൂട്ടികൊണ്ടു വരുന്ന വിസ്മയം നമ്മുക്ക് കാണിച്ചു തരുന്ന ചിത്രങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close