എൺപതുകളിലെ പ്രണയകഥക്ക്‌ ഹൃദയം നിറഞ്ഞ സ്വീകരണം; ഹർഷാരവങ്ങളോടെ മുന്നോട്ടു കുതിച്ച് ഒരു തെക്കൻ തല്ല് കേസ്

Advertisement

മലയാളികളുടെ പ്രിയ താരവും ദേശീയ അവാർഡ് ജേതാവുമായ ബിജു മേനോനെ നായകനാക്കി നവാഗത സംവിധായകനായ ശ്രീജിത്ത് എൻ ഒരുക്കിയ ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രമാണ് ഈ ഓണത്തിന് പ്രേക്ഷകരുടെ മനസ്സിൽ ഒന്നാം സ്ഥാനം നേടി മുന്നേറുന്നത്. വളരെ രസകരവും ആവേശകരവുമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരുത്സവകാലത്ത് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാം കോർത്തിണക്കിയിട്ടുണ്ട്. ആക്ഷനും കോമേഡിയും പ്രണയവും വൈകാരിക നിമിഷങ്ങളും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈനറാണ് ഒരു തെക്കൻ തല്ല് കേസ്. എണ്പതുക്കളുടെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ നടക്കുന്ന വ്യത്യസ്‌തമായ ഒരു പ്രണയ കഥയെന്നും ഈ ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം. രണ്ട് തരത്തിലുള്ള പ്രണയം നമുക്കീ ചിത്രത്തിൽ കാണാൻ കഴിയും. എന്നാൽ അതിന്റെ തീവ്രത ഒരുപോലെ തന്നെയാണ് താനും. അതിലൊന്ന് ബിജു മേനോന്റെ അമ്മിണിപ്പിള്ളയും ഭാര്യയായ രുഗ്മിണിയും തമ്മിലുള്ളതാണെങ്കിൽ, മറ്റൊന്ന് റോഷൻ മാത്യുവിന്റെ പൊടിയനും അവന്റെ കാമുകിയായ വാസന്തിയും തമ്മിലാണ്. രുഗ്മിണിയായി പദ്മപ്രിയ അഭിനയിക്കുമ്പോൾ, വാസന്തിയായി അഭിനയിച്ചിരിക്കുന്നത് നിമിഷാ സജയനാണ്.

പൊടിയനും വാസന്തിയും തമ്മിലുള്ള പ്രണയം യൗവനത്തിന്റെ സകല ചോരത്തിളപ്പുമുൾപ്പെട്ട കൊടുങ്കാറ്റ് പോലെയുള്ള പ്രണയമാണെങ്കിൽ, അമ്മിണിപ്പിള്ളയും രുഗ്മിണിയും തമ്മിലുള്ളത് കുറച്ചു കൂടി പക്വതയാർന്ന, കല്യാണം കഴിഞ്ഞു വർഷങ്ങളായിട്ടും തീവ്രത ഒട്ടും കെട്ടു പോകാത്ത പ്രണയമാണ്. ഒരു തരത്തിൽ പറഞ്ഞാൽ അമ്മിണിപ്പിള്ള, പൊടിയൻ എന്നിവരുടെ ജീവിതം അവരറിയാതെ നിയന്ത്രിക്കുന്നത് പോലും രുഗ്മിണി, വാസന്തി എന്നിവരോടുള്ള അവരുടെ അടങ്ങാത്ത ഇഷ്ടം തന്നെയാണ്. അവർക്കു വേണ്ടി, അവരുടെ മുന്നിൽ തലയുയർത്തി നില്ക്കാൻ വേണ്ടി എന്തും ചെയ്യാനും, ഏതറ്റം വരെ പോകാനുമുള്ള ഇവരുടെ മനസ്സാണ് ഈ കഥയിലെ പല നാടകീയമായ സംഭവ വികാസങ്ങൾക്കും കാരണം. തങ്ങൾ സ്നേഹിക്കുന്ന അമ്മിണി പിള്ളയും പൊടിയനും ജയിച്ചു കാണാനും തലയുയർത്തി നിൽക്കുന്നത് കാണാനും ഏറെയിഷ്ടപെടുന്നവരാണ് രുഗ്മിണിയും വാസന്തിയുമെന്നതും ഈ കഥയുടെ മുന്നോട്ട് പോക്കിനെ സ്വാധീനിക്കുന്നുണ്ട്. അത് നൽകുന്ന വൈകാരികമായ തലം കൂടിയാണ്, ആക്ഷനും കോമെഡിക്കുമൊപ്പം ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സുമായി യോജിപ്പിച്ചു നിർത്തുന്നത്. പ്രശസ്ത രചയിതാവ് ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടൻ തിരക്കഥ രചിച്ച ഈ ചിത്രം, ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്നാണ് നിർമ്മിച്ചത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close