
ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ മികച്ച പ്രദർശന വിജയം നേടി മുന്നേറുകയാണ് ദേശീയ അവാർഡ് ജേതാവായ നടി അപർണ്ണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഇനി ഉത്തരം. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറെന്നോ ഫാമിലി ത്രില്ലറെന്നോ വിളിക്കാവുന്ന ഈ ചിത്രം വളരെ വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞ് പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ ത്രില്ലർ ഇതിലെ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വലിയ കയ്യടിയാണ് നേടുന്നത്. ജാനകി, കാക്ക കരുണൻ, ഇളവരസ്സ് എന്നീ കഥാപാത്രങ്ങളായി അപർണ ബാലമുരളി, കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ എന്നിവർ ഇതിൽ നടത്തിയ ഗംഭീര പ്രകടനത്തിന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിലാണ് അഭിനന്ദനം ചൊരിയുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗമൊരുങ്ങാനുള്ള സാധ്യതകളുമേറെയാണ്.
ആദ്യ ഭാഗത്തിൽ ഈ സിനിമ അവസാനിക്കുന്നില്ല എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കിൽ മലയാള സിനിമയിൽ നായികാ പ്രാധാന്യമുള്ള ഒരു ത്രില്ലർ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത് ഇതാദ്യമായാകും. നവാഗതരായ രഞ്ജിത്- ഉണ്ണി ടീമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ബാക്കിയായ ഉത്തരങ്ങളുമായി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഇവരും സുധീഷ് രാമചന്ദ്രനും എത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ആദ്യ ഭാഗം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത് കൊണ്ട് തന്നെ ഒരു രണ്ടാം ഭാഗത്തിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനും പറ്റില്ല. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് എന്നിവരും അഭിനയിച്ചിരിക്കുന്നു.