പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ നിവിൻ പോളി- അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. അതിലെ പ്രകടനം ഈ നടിക്ക് പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും വേഷം നേടിക്കൊടുത്തു. പിന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച അനുപമയുടെ പുതിയ മലയാള ചിത്രമാണ് മണിയറയിലെ അശോകൻ. മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിൽ ജേക്കബ് ഗ്രിഗേറിയാണ് നായക വേഷം ചെയ്യുന്നത്. നവാഗതനായ ഷംസു ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ എത്തിയപ്പോൾ മുതലുള്ള തന്റെ ഒരാഗ്രഹം സാധിച്ചു തന്നത് ദുൽഖർ സൽമാൻ ആണെന്ന് വെളിപ്പെടുത്തുകയാണ് അനുപമ പരമേശ്വരൻ.
ക്യാമറയുടെ പിന്നിൽ എത്തി ഒരു സഹസംവിധായികയായി വർക്ക് ചെയ്യണം എന്നായിരുന്നു അനുപമയുടെ ആഗ്രഹം. പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രനോട് അടുത്ത ചിത്രത്തിൽ സഹ സംവിധായിക ആക്കാമോ എന്നു ചോദിച്ചിരുന്നു എന്നും, പക്ഷെ അത് നടന്നില്ല എന്നും അനുപമ പറയുന്നു. പിന്നീട് മണിയറയിലെ അശോകന്റെ ഷൂട്ടിങ് തുടങ്ങി എട്ടു ദിവസം ആയപ്പോൾ അനുപമ തന്റെ ഈ ആഗ്രഹം ദുൽഖർ സൽമാനോട് പറയുകയും ദുൽഖർ അത് സാധിച്ചു കൊടുക്കുകയുമായിരുന്നു. താൻ ഈ ആഗ്രഹം പറഞ്ഞപ്പോൾ രണ്ടാമതൊന്നു ആലോചിക്കാതെ ദുൽഖർ സൽമാൻ പറഞ്ഞത്, വൈ നോട്ട്? കം ജോയിന്‍ എന്നാണെന്നാണ് അനുപമ പറയുന്നത്. ഫീല്‍ഡില്‍ നിന്ന് ആളെ മാറ്റലും, സ്ക്രിപ്റ്റ് ചെക്ക് ചെയ്യലും ക്ലാപ്പടിക്കലും അടക്കം എല്ലാ ജോലിയും താൻ ചെയ്തു എന്നും കൂടുതല്‍ സൗകര്യങ്ങള്‍ എടുക്കാതെ അസിസ്റ്റന്റ് ഡയറക്ടര്‍ ജീവിതം ശരിക്കും ആസ്വദിച്ച് പഠിക്കുകയായിരുന്നു താനെന്നും അനുപമ പറഞ്ഞു.