
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമനൊപ്പമുള്ള നടിയുടെ വ്ലോഗ് ആണ് വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുന്നത്. താരത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് “മണ്ണിന്റെ മക്കൾ” എന്നുപേരുള്ള പുത്തൻ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
വയനാടിന്റെ ഭാഷ, സംസ്‍കാരം തുടങ്ങി വയനാടിനെ അഭിമാനത്തോടെ കാണുന്ന രാമേട്ടന്റെ വിശേഷങ്ങൾ അതീവ കൗതുകത്തോടെയാണ് നടി ചോദിച്ചറിയുന്നത്. അദ്ദേഹത്തിൻ്റെ 152 വർഷം പഴക്കമുള്ള വീട് ആണ് വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മണ്ണിനേയും പരിസ്ഥിതിയേയും സ്നേഹിക്കുന്ന ഏതൊരു മനുഷ്യന്റെയും വീടാണ് അതെന്ന വികാരം ആ ദൃശ്യങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ സൃഷ്ടിക്കുന്നുണ്ട്. ലോകത്തിന്റെ പലകോണിൽ നിന്നും ഇവിടെ സഞ്ചാരികളെത്താറുണ്ട് എന്നത് തന്നെ അത് ഇതിനോടകം എത്രമാത്രം ലോകശ്രദ്ധയാകർഷിക്കുന്നുണ്ട് എന്നതിന് അടിവരയിടുന്നു. പരമ്പരഗത കൃഷി രീതിയെക്കുറിച്ചും കീടനാശിനികളെ കുറിച്ചും രാസവളങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം അനുവിനോട് വിശദീകരിക്കുന്നത് പ്രേക്ഷകർക്ക് ഏറെ അറിവും പകർന്ന് നൽകുന്നുണ്ട്.
ലോക്ഡൗണിൽ ആണ് അനു സിതാര സ്വന്തം യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. ഇതിനോടകം രണ്ട് ലക്ഷത്തിലേറെ സബ്സ്ക്രൈബേർസ് നേടിയ ഈ ചാനൽ കൊണ്ട്, സ്വദേശമായ വയനാട്ടിലെ കലാകാരൻമാരെയും ഭംഗിയുള്ള സ്ഥലങ്ങളും പരിചയപ്പെടുത്തുകയെന്നതാണ് താൻ ഉദ്ദേശിക്കുന്നതെന്ന് നടി നേരെത്തെ വെളിപ്പെടുത്തിയിരുന്നു. അതിമനോഹരമായ രീതിയിലാണ് അനു അത് ചെയ്യുന്നത് എന്നതിന് തെളിവാണ് ഇതിലെ വീഡിയോകൾക്ക് ലഭിക്കുന്ന ഗംഭീര പ്രേക്ഷക പിന്തുണയും പ്രതികരണങ്ങളും. ചെറുവയൽ രാമനൊപ്പമുള്ള ഈ പുത്തൻ വീഡിയോയും പ്രേക്ഷകരുടെ മനസ്സ് കവർന്ന് കഴിഞ്ഞു. നടിയെന്ന നിലയിൽ മാത്രമല്ല, ഒരു വ്ലോഗർ എന്ന നിലയിലും ഉള്ള തൻ്റെ പ്രതിഭ കൂടിയാണ് ഇതിലൂടെ അനു സിതാര വെളിവാക്കുന്നത്ത്.