മലയാള സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് ഇന്ന് അനു സിതാര. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒട്ടേറെ ആരാധകരെയാണ് അനു സിതാര നേടിയെടുത്തത്. മികച്ച ഒരു നർത്തകി കൂടിയാണ് ഈ താരം. ഇപ്പോഴിതാ സിനിമയിൽ വന്നതിനു ശേഷം താൻ പഠിച്ച ചില കാര്യങ്ങൾ എന്തെന്ന് വെളിപ്പെടുത്തുകയാണ് അനു. അതിലൊന്ന് പെരുമാറ്റം ആണെന്ന് പറയുന്നു ഈ നടി. താൻ അങ്ങനെ മോശമായി പെരുമാറുന്ന ആളൊന്നും അല്ലെങ്കിലും ചില പെരുമാറ്റ രീതികൾ സിനിമയിൽ വന്നതിനു ശേഷമാണു പഠിച്ചത് എന്ന് അനു വെളിപ്പെടുത്തുന്നു. അതിനു കാരണമായ സംഭവം ഇങ്ങനെ. ഒരിക്കൽ ഒരു ഷോ നടക്കുന്ന സമയത്തു, ഹോട്ടലിലെ ലിഫ്റ്റിലേക്കു കയറിയ അനു സിതാര അതിൽ നിന്നിരുന്ന രണ്ടു കലാകാരന്മാരോട് ഗുഡ് മോർണിംഗ് പറഞ്ഞു. രണ്ടു പേരോടും കൂടിയാണ് പറഞ്ഞത് എങ്കിലും അതിൽ ഒരാളുടെ മാത്രം മുഖത്തേക്ക് ആണ് അനു നോക്കിയുള്ളൂ. പ്രശസ്തനായ ആ കലാകാരനെ കണ്ടതിന്റെ ആവേശത്തിലാണ് അദ്ദേഹത്തെ മാത്രം നോക്കിയത്.
അപ്പോൾ മറ്റേ കലാകാരൻ പറഞ്ഞു, ഞാനും ഉണ്ട് ഇവിടെ, എന്നോടും ഒരു ഗുഡ് മോർണിംഗ് പറയാട്ടോ എന്ന്. അത് തനിക്കു ഏറെ വിഷമം ആയെന്നും രണ്ടു പേര് അവിടെ നിൽക്കുമ്പോൾ ഒരാളുടെ മുഖത്ത് നോക്കി ഗുഡ് മോർണിംഗ് പറയാൻ താൻ മറന്നു പോയതാണ് പറ്റിയ തെറ്റെന്നും അനു സിതാര വിശദീകരിക്കുന്നു. അതിനു ശേഷം ആരെയും ഒഴിവാക്കാതെ നോക്കാൻ താൻ പഠിച്ചുവെന്നും അനു പറയുന്നു. അതുപോലെ ഒരു സീൻ ചെയ്തു കഴിഞ്ഞു. അടുത്ത സീനിലേക്കു വരുമ്പോൾ സിനിമയിലെ കണ്ടിന്യുവിറ്റി നോക്കി നിൽക്കാൻ പഠിപ്പിച്ചത് നടൻ ജയസൂര്യ ആണെന്നും അനു സിതാര പറയുന്നു. അങ്ങനെ ഒത്തിരി കാര്യങ്ങൾ സിനിമ തന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നും ഈ നടി കൂട്ടിച്ചേർത്തു.