
മലയാളത്തിന്റെ യുവ താരമായ ആന്റണി വർഗീസ് തന്റെ ആദ്യ ഫിലിം ഫെയർ അവാർഡ് നേടിയ സന്തോഷത്തിൽ ആണിപ്പോൾ. ഇത്തവണത്തെ ജിയോ ഫിലിം ഫെയർ അവാർഡിൽ, അങ്കമാലി ഡയറിസ് എന്ന ചിത്രത്തിലെ പെർഫോർമൻസിന് , മികച്ച അരങ്ങേറ്റം നടത്തിയ നായകനുള്ള അവാർഡ് ആണ് ആന്റണി വർഗീസ് നേടിയത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ വിൻസെന്റ് പെപ്പെ എന്ന കഥാപാത്രം ഒരുപാട് അഭിനന്ദനങ്ങൾ നേടി കൊടുത്തിരുന്നു ആന്റണി വർഗീസിന്. എന്നാൽ കഴിഞ്ഞ വർഷം ഒരു ഫിലിം ഫെയർ അവാര്ഡുമായി ആന്റണി പോസ് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
കഴിഞ്ഞ വർഷം ദുൽഖർ സൽമാന് ലഭിച്ച അവാർഡ് ദുൽഖറിന് വേണ്ടി സ്വീകരിച്ചത് ടോവിനോ തോമസ് ആയിരുന്നു. ടോവിനോക്കൊപ്പം ആ അവാർഡുമായി പോസ് ചെയ്ത് കൊണ്ട് അന്ന് ആന്റണി പങ്ക് വെച്ച ഒരാഗ്രഹം ആയിരുന്നു ഇതുപോലൊരു അവാർഡ് ഒരിക്കൽ നേടുക എന്നത്. ആ ആഗ്രഹം ഈ വർഷം തന്നെ നിറവേറ്റിയെടുക്കാൻ ഈ യുവ നടന് സാധിച്ചു എന്നത് തന്നെയാണ് ആന്റണി വർഗീസിനോട് ബഹുമാനം തോന്നാൻ കാരണം. തന്റെ സ്വപ്നം സഫലീകരിച്ചതിന്റെ ആഹ്ലാദത്തിൽ ആണ് ഈ യുവ താരം.
ഈ വർഷം മികച്ച നടനുള്ള അവാർഡ് നേടിയത് ഫഹദ് ഫാസിലും നടിക്കുള്ള അവാർഡ് നേടിയത് പാർവതിയും ആണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനമാണ് ഫഹദിനെ ഈ അവാർഡിന് അർഹനാക്കിയതെങ്കിൽ ടേക് ഓഫ് എന്ന ചിത്രത്തിലെ പെര്ഫോര്മൻസാണ് പാർവതിക്ക് തുണയായത്.