കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നായകനായി അരങ്ങേറ്റം കുറിച്ച ആന്റണി വർഗീസ് വീണ്ടും മലയാളികൾക്ക് മുന്നില്‍ എത്തുന്ന ചിത്രമാണ് സ്വാതന്ത്രം അർദ്ധരാത്രിയിൽ. അങ്കമാലി ഡയറീസ് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യൻ ആയ ടിനു പാപ്പച്ചൻ ആണ് ചിത്രത്തിന്റെ സംവിധാനം. ആന്റണി വർഗീസിനോടൊപ്പം തന്നെ അങ്കമാലി ഡയറീസിലെ മറ്റു നടന്മാരും ചിത്രത്തിൽ ഉണ്ട്. ഈസ്റ്റർ റിലീസ് ആയി ഇന്നലെ പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളിൽ അതിഗംഭീര പ്രതികരണം ആണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ നായകനായി എത്തിയ ആന്റണി വർഗീസിന്റെ പ്രകടനം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത് ആയിരുന്നു. ചിത്രത്തിലെ ജേക്കബ് എന്ന കഥാപാത്രമായി രണ്ടേകാൽ മണിക്കൂർ ആന്റണി വർഗീസ് ജീവിച്ചു എന്ന് തന്നെ പറയാം.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ പ്രകടനം, പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളിൽ ഉള്ള ആക്ഷൻ സീക്വെൻസുകൾ എല്ലാം തന്നെ വളരെ മികച്ചതാക്കാൻ ആന്റണി വർഗീസ് എടുത്ത പ്രയത്നവും അഭിനന്ദനാർഹം ആണ്. പൂർണ്ണമായും ജേക്കബ് എന്ന കഥാപാത്രത്തെ ആശ്രയിച്ചു നടക്കുന്ന കഥ ആയതു കൊണ്ട് തന്നെ ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളിലും ഉണ്ടായിരുന്നത് ആന്റണി വർഗീസിന് തന്നെ ആയിരുന്നു. എന്നിരുന്നാലും അത്തരമൊരു ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിഞ്ഞു എന്നതോർത്ത് അഭിമാനിക്കാം.
പൊതുവെ ഒരു ചിത്രത്തിലെ നായകനായി തിളങ്ങിയാലും രണ്ടാമത് ചിത്രം എന്നും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ്. എന്നാൽ ആന്റണി വർഗീസ് അതിനെ വളരെ എളുപ്പത്തിൽ മറികടന്നു മലയാള സിനിമയിൽ തന്റേതായ നായക പദവിയിലേക്ക് എത്തിയിരുന്നു. ജേക്കബിലൂടെ ആന്റണിക്ക് തീയറ്ററുകളിൽ കിട്ടുന്ന ഓരോ കയ്യടിയും തന്നെ അതിനു ഉദാഹരണം ആയി പറയാം..