ഇപ്പോൾ തീയേറ്ററുകൾ പകുതി കപ്പാസിറ്റിയിൽ തുറന്നു പ്രവർത്തിക്കാനുള്ള അനുവാദം സർക്കാർ നല്കിയപ്പോഴും മലയാള സിനിമയിൽ കത്തി നിൽക്കുന്ന വിവാദം ദൃശ്യം 2 എന്ന മോഹൻലാൽ ചിത്രം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആമസോണിനു വിറ്റത് ആണ്. മലയാളത്തിലെ തകർന്നു കൊണ്ടിരിക്കുന്ന തീയേറ്റർ വ്യവസായത്തെ രക്ഷിക്കാൻ ഒരു മോഹൻലാൽ ചിത്രത്തിനാണ് സാധിക്കു എന്നും അതിനു പറ്റിയ ചിത്രവുമാണ് ദൃശ്യം 2 എന്ന് തീയേറ്റർ ഉടമകൾ പറയുമ്പോൾ ഡിസംബർ മുപ്പത്തിയൊന്നു വരെ കാത്തിരുന്നിട്ടും തീയേറ്ററുകൾ തുറക്കാനുള്ള ഒരു നടപടിയും ആരും സ്വീകരിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് ദൃശ്യം 2 ആമസോണിനു വിറ്റത് എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു. 100 കോടി രൂപ മുടക്കി നിര്‍മ്മിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്ററിലെത്തിക്കാനാണ് ദൃശ്യം 2 വിറ്റത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരക്കാര്‍ റിലീസ് നീണ്ടുപോയപ്പോഴുണ്ടായ പ്രതിസന്ധി വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. എപ്പോള്‍ റിലീസ് ചെയ്യാനാകും എന്നറിയാതെ 9 മാസം കാത്തിരുന്നുവെന്നും, പിരിമുറുക്കംമൂലം തളര്‍ന്നു പോയ തന്നെ സഹായിച്ചത്, വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക എന്ന മോഹന്‍ലാലിന്റെ വാക്കുകളാണ് എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.
100 കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നതുണ്ടാക്കുന്ന ബാധ്യത ചെറുതല്ല എന്നും കൊവിഡ് കാലത്ത് മരക്കാര്‍ ഒടിടിക്കു വിറ്റിരുന്നുവെങ്കില്‍ മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു എന്നും ആന്റണി വ്യക്തമാക്കുന്നു. പക്ഷെ ആ ചിത്രം തിയറ്ററില്‍ത്തന്നെ ജനം കാണണം എന്നതുകൊണ്ടുതന്നെയാണ് ഇത്രയും നാൾ പിടിച്ചു നിന്നതെന്നും അങ്ങനെ നിൽക്കുന്നത് കൊണ്ടുണ്ടായ സാമ്പത്തിക ബാധ്യത കൂടി തീർക്കാനാണ് ദൃശ്യം 2 വിൽക്കേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അത് വിവാദമാക്കാൻ നോക്കുന്നവർ പലരും എന്തുകൊണ്ടാണ് തനിക്കു അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് ചിന്തിക്കുന്നില്ല എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഈ വർഷം മാർച്ച് ഇരുപത്തിയാറിനു മരക്കാർ റിലീസ് ചെയ്യും. അഞ്ചു ഭാഷകളിലായി ആണ് മരക്കാർ റിലീസിനെത്തുക.