സംസ്‌ഥാനത്തു കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഈ വർഷം ഏപ്രിൽ മുതൽ തീയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. ഇപ്പോൾ പതുക്കെ എല്ലാം ഒതുങ്ങി വരുന്ന സാഹചര്യത്തിൽ തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി കഴിഞ്ഞു. അടുത്ത മാസം പൂജ സമയത്തു എത്തുന്ന റിലീസുകളോടെ തീയേറ്ററുകൾ തുറക്കാൻ ആണ് പ്ലാൻ എന്നും അമ്പതു ശതമാനം ആളുകളെ മാത്രം അനുവദിച്ചു നാല് ഷോ കളിക്കാനുള്ള അനുവാദമാണ് നൽകുക എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. തകർന്നു കിടക്കുന്ന തീയേറ്റർ വ്യവസായത്തെ രക്ഷിക്കാൻ മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രമായ മരക്കാരിനെ സാധിക്കു എന്ന് തിയ്യേറ്റർ സംഘടനകൾ പല തവണ പറഞ്ഞു കഴിഞ്ഞു. ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കേരളത്തിലെ മുഴുവൻ തീയേറ്ററുകളിലും മരക്കാർ റിലീസ് ചെയ്യാനും ഇരുന്നതാണ്. എന്നാൽ കൂടുതലായി വന്ന കോവിഡ് കേസുകൾ അതിനെയും ബാധിച്ചു. ഇപ്പോഴിതാ തീയേറ്ററുകൾ ഉടൻ തുറന്നാൽ മരക്കാർ എത്തുമോ ഇല്ലയോ എന്ന് വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.
ഉടനെ തീയേറ്റർ തുറന്നാലും മരക്കാർ ഉടൻ റിലീസ് ചെയ്യില്ല എന്നും, തീയേറ്ററുകൾ തുറന്നു സാഹചര്യങ്ങൾ വിലയിരുത്തി, പ്രേക്ഷകർ തീയേറ്ററുകളിലേക്കു എത്തുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം സമയമെടുത്ത് മാത്രമേ മരക്കാർ പോലെ ഒരു ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യാൻ കഴിയു എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. അടുത്ത മാസം തീയേറ്റർ തുറന്നു എല്ലാം സാധാരണ നിലയിലേക്ക് എത്തിയാൽ ഡിസംബറിൽ മരക്കാർ എത്തിക്കാനുള്ള പ്ലാൻ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരവും നേടിയിരുന്നു. പ്രിയദർശൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ആറാട്ട്, പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡി എന്നീ മോഹൻലാൽ ചിത്രങ്ങളും റിലീസിന് ഒരുങ്ങി നിൽക്കുകയാണ്.