ദൃശ്യത്തിലെ ജോർജ്ജുകുട്ടിയുടെ മനസ്സിലെ അയാൾക്ക് മാത്രമറിയാവുന്ന രഹസ്യം പോലെ ഈ രഹസ്യം തന്റെ മനസ്സിൽ കിടക്കട്ടെ; ദൃശ്യം 2 നെ കുറിച്ച് വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ..!

Advertisement

പ്രഖ്യാപിച്ച നിമിഷം മുതൽ മലയാളി സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് ഒരുക്കിയ ഈ മോഹൻലാൽ ചിത്രം, മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ഈ കഴിഞ്ഞ ന്യൂ ഇയർ ദിവസമാണ് ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയി ആണ് എത്തുന്നത് എന്നുള്ള ഒഫീഷ്യൽ പ്രഖ്യാപനം വന്നത്. അതിനൊപ്പം ഒരു ചെറിയ ടീസറും റിലീസ് ചെയ്തിരുന്നു. എന്നാൽ ചിത്രം തീയേറ്ററിൽ എത്താത്തതിൽ പ്രതിഷേധിച്ചു തീയേറ്റർ ഉടമകൾ രംഗത്ത് വന്നതോടെ ദൃശ്യം 2 ന്റെ ഒടിടി റിലീസ് തീരുമാനം വലിയ വിവാദമായി മാറുകയും ചെയ്തു. തീയേറ്ററുകൾ എന്ന് തുറക്കും എന്ന് ഉറപ്പു ഇല്ലാത്തതിനാലും ഇനി തുറന്നാൽ തന്നെ കോവിഡ് ഭീതിയിൽ പ്രേക്ഷകർ എത്തുമോ എന്ന ആശങ്ക മൂലവുമാണ് ചിത്രം ഒടിടിക്കു വിറ്റത് എന്ന് സംവിധായകൻ ജീത്തു ജോസഫ് പ്രതികരിച്ചിരുന്നു. അതിനൊപ്പം തന്നെ മരക്കാർ എന്ന നൂറു കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കൂടി റിലീസ് ചെയ്യാനാവാതെ ഇരിക്കുന്നത് കൊണ്ടുള്ള സമ്മർദവും ഈ തീരുമാനത്തിന് പ്രേരിപ്പിച്ചു എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും വ്യക്തമാക്കി.

താനൊരു വലിയ കോർപറേറ്റ് ഒന്നുമല്ലെന്നും ഒരു സാധാരണ മനുഷ്യൻ ആണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. ഇത്രയും വലിയ ബാധ്യത താങ്ങാൻ കഴിയാത്തതു കൊണ്ടും മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാനുള്ള ആഗ്രഹം കൊണ്ടുമാണ് ദൃശ്യം 2 ആമസോണിനു നല്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ദൃശ്യം 2 ആമസോൺ പ്രൈമിന് വിറ്റത് എത്ര രൂപയ്ക്കാണ് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി, ദൃശ്യത്തിലെ ജോർജ്ജുകുട്ടിയുടെ മനസ്സിലൊരു രഹസ്യമുണ്ട്. അയാൾക്ക് മാത്രം അറിയാവുന്ന രഹസ്യം. അതുപോലെ ഈ രഹസ്യം എന്റെ മനസ്സിൽ കിടക്കട്ടെ എന്നാണ്. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്‌തമാക്കിയത്. ദൃശ്യം 2 ന്റെ നിർമ്മാണ ചെലവ് ഏഴു കോടിയോളം രൂപയാണെന്നും ആമസോൺ പ്രൈം നൽകിയ ഓഫർ 25 കോടിയോളമാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അത് കൂടാതെ സാറ്റലൈറ്റ് അവകാശമായി ഏഷ്യാനെറ്റ് പത്തു കോടിയോളവും ദൃശ്യം 2 സിനിമയ്ക്കു നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close